തിരുവനന്തപുരം: മിൽമയുടെ ഒരു ലിറ്റർ കൗ മിൽക്ക് ബോട്ടിൽ നാളെ മുതൽ വിപണിയിലെത്തും. രാവിലെ 11ന് തമ്പാനൂരിലെ ഹോട്ടൽ ഡിമോറയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി വിതരണോദ്ഘാടനം നിർവഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനാകും.പാലിന്റെ തനത് ഗുണമേന്മ നിലനിർത്തി പ്രോട്ടീൻ സമ്പുഷ്ടമായ ഒരു ലിറ്റർ പാലിന് 70 രൂപയാണ് വില.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് വിതരണം ചെയ്യുക. സൂപ്പർ മാർക്കറ്റുകൾ, ഓൺലൈൻ ശൃംഖലകൾ, മിൽമ സ്റ്റാളുകൾ എന്നിവിടങ്ങളിൽ നിന്ന് പാൽ ലഭ്യമാകും.പുതിയ ഉത്പന്നത്തിന്റെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി മിൽമ ആകർഷകമായ സമ്മാനപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.സമ്മാനക്കൂപ്പണുകൾ: നറുക്കെടുപ്പിലൂടെ 10 പേർക്ക് 15,000 രൂപയുടെ സമ്മാനം ലഭിക്കും.
ഇതിനായി ബോട്ടിലിൽ ഉൾപ്പെടുത്തിയിരിക്കുന്ന അഞ്ചക്ക നമ്പർ ഉപയോഗിക്കാം. ഓഗസ്റ്റ് 20, 21 തീയതികളിൽ പാൽ വാങ്ങുന്നവർക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം. നറുക്കെടുപ്പ് 22ന് നടക്കും. വിജയികളുടെ നമ്പറുകൾ 23ന് പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും. സമ്മാനങ്ങൾ 28ന് മിൽമ ക്ഷീരഭവനിൽ വെച്ച് വിതരണം ചെയ്യും.
സൗജന്യ പാൽ: 20ന് രണ്ട് ബോട്ടിൽ പാൽ വാങ്ങുന്നവർക്ക് അര ലിറ്റർ പാൽ സൗജന്യമായി നൽകും. ചടങ്ങിൽ മികച്ച ഡീലർമാർക്കുള്ള പുരസ്‌കാരവും വിതരണം ചെയ്യും.