പത്തനംതിട്ട:ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തതിൻ്റെ വിരോധത്തിൽ വീടുകയറി ആക്രമിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടപ്പള്ളി സ്വദേശികളായ ആനന്ദ് (21), എം.ജി. അജിത്ത് (36), അശ്വിൻദേവ് (26) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഓഗസ്റ്റ് 14-ന് വൈകുന്നേരമാണ് സംഭവം.
അടൂർ പെരിങ്ങനാട് സ്വദേശി ഗിരീഷ് എന്നയാളും, അദ്ദേഹത്തിൻ്റെ മാതാപിതാക്കളായ ഗീത, രാജൻ എന്നിവർക്കുമാണ് പ്രതികളിൽ നിന്ന് മർദ്ദനമേറ്റത്. ഗിരീഷിന്റെ വലതുകൈയിൽ ആനന്ദ് ചൂരൽ വടികൊണ്ട് അടിച്ചു.
ഇത് തടയാൻ ശ്രമിച്ച അമ്മ ഗീതയെ അജിത്ത് പിവിസി പൈപ്പ് ഉപയോഗിച്ച് തലയുടെ ഇടതുഭാഗത്ത് അടിച്ച് മുറിവേൽപ്പിച്ചു. അച്ഛൻ രാജനെയും പ്രതികൾ കൂട്ടംചേർന്ന് മർദ്ദിച്ചു. കൂടാതെ ഗിരീഷിനെ തള്ളി താഴെയിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തു.