Banner Ads

പിഎസ്‌സി പരീക്ഷാ ചോദ്യങ്ങളിൽ പിഴവുകൾ തുടർക്കഥയാവുന്നു; ഉദ്യോഗാർത്ഥികൾ ആശങ്കയിൽ

കോഴിക്കോട്:തെറ്റായ ചോദ്യങ്ങൾ തുടർക്കഥ പിഎസ്‌സി പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു.പിഎസ്‌സി പരീക്ഷകളിൽ ചോദ്യങ്ങളിലെ പിഴവുകൾ ഉദ്യോഗാർത്ഥികളുടെ ഭാവിയെ സാരമായി ബാധിക്കുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഹൈസ്കൂൾ അസിസ്റ്റന്റ് കണക്ക് പരീക്ഷയിൽ മാത്രം ആറ് ചോദ്യങ്ങൾ തെറ്റായപ്പോൾ, പതിനൊന്ന് ചോദ്യങ്ങളുടെ ഓപ്ഷനുകളിൽ ആശയക്കുഴപ്പമുണ്ടായി.

മൂന്ന് ചോദ്യങ്ങൾക്ക് ഒന്നിലധികം ശരിയുത്തരങ്ങളുണ്ടായിരുന്നു. അക്ഷരത്തെറ്റുകളും വ്യാപകമാണ്. ‘കോപ്ലാനർ’ എന്ന പദത്തിനു പകരം ‘കൊല്ലനാർ’ എന്ന് അച്ചടിച്ചതുമൂലം ഉദ്യോഗാർത്ഥികൾക്ക് ചോദ്യം മനസ്സിലാക്കാൻ സാധിക്കാതെ വന്നു.പരീക്ഷ നടന്നത് മലയാളം മീഡിയത്തിലായിരുന്നിട്ടും, സിലബസ് മലയാളമായിരുന്നിട്ടും പല ചോദ്യങ്ങളും ഇംഗ്ലീഷിലും ‘മംഗ്ലീഷിലുമായിരുന്നു’. പരീക്ഷയ്ക്കു ശേഷം പിഎസ്‌സി പുറത്തിറക്കിയ താത്കാലിക ഉത്തരസൂചികയിൽ പോലും നാല് ചോദ്യങ്ങൾക്ക് പിഴവുകളുണ്ടായിരുന്നു.

പിഴവുള്ള ചോദ്യങ്ങൾ ഉദ്യോഗാർത്ഥികൾ ചോദ്യം ചെയ്യുമ്പോൾ പിഎസ്‌സി അവ ഡിലീറ്റ് ചെയ്യുന്നതാണ് സാധാരണ രീതി. ഒന്നിലധികം ശരിയുത്തരങ്ങളുള്ള ചോദ്യങ്ങളിൽ പിഎസ്‌സി ഒരു ഉത്തരം തിരഞ്ഞെടുക്കുമ്പോൾ, മറ്റ് ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തിയ ഉദ്യോഗാർത്ഥികൾക്ക് മാർക്ക് നഷ്ടപ്പെടുന്നു. ഇത് റാങ്ക് ലിസ്റ്റിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു. 33 മാർക്ക് വരെ നിർണ്ണായകമായ ഒരു പരീക്ഷയിൽ, ശരിയായി ഉത്തരം നൽകിയ ചോദ്യങ്ങൾ പോലും പിഴവുകൾ കാരണം ഒഴിവാക്കപ്പെടുമ്പോൾ ഉദ്യോഗാർത്ഥികളുടെ അവസരമാണ് നഷ്ടമാകുന്നത്.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഈ പിഴവുകൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.2022-ലെ ഹയർ സെക്കൻഡറി അസിസ്റ്റന്റ് പരീക്ഷയിൽ 13 ചോദ്യങ്ങൾ പിഴവുകൾ കാരണം ഒഴിവാക്കി.കഴിഞ്ഞ വർഷം നടന്ന സയന്റിഫിക് ഓഫീസർ പരീക്ഷയിൽ 12 ചോദ്യങ്ങൾ ഡിലീറ്റ് ചെയ്തു.എൽഡി ക്ലാർക്ക് പരീക്ഷയിൽ 9 ചോദ്യങ്ങളാണ് ഒഴിവാക്കിയത്.വിദഗ്ദ്ധരാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നതെന്നാണ് പിഎസ്‌സി അധികൃതർ പറയുന്നത്. എന്നിട്ടും ഈ വീഴ്ചകൾ ആവർത്തിക്കുന്നത് ഉദ്യോഗാർത്ഥികളുടെ ആത്മവിശ്വാസത്തെയും കഠിനാധ്വാനത്തെയും സാരമായി ബാധിക്കുന്നു.