2023 ഏകദിന ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നിൽ ബാറ്റിങ് നിരയുടെ മെല്ലെപ്പോക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, അന്നത്തെ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ നിർദ്ദേശങ്ങൾ സൂപ്പർ താരം വിരാട് കോലി ധിക്കരിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. റെവ് സ്പോർട്സ് മാധ്യമപ്രവർത്തകൻ രോഹിത് ജുഗ്ലാൻ നടത്തിയ വെളിപ്പെടുത്തലുകൾ പ്രകാരം, ബാറ്റിങ് വേഗത കൂട്ടാനുള്ള ദ്രാവിഡിന്റെ സന്ദേശത്തോട് “എങ്ങനെ കളിക്കണമെന്ന് ഞങ്ങളോട് പറയേണ്ട” എന്ന് കോലി രോഷത്തോടെ മറുപടി നൽകി. ഇത് ഡ്രസ്സിംഗ് റൂമിൽ വലിയ പിരിമുറുക്കത്തിന് കാരണമായെന്നും പറയുന്നു. ഈ സംഭവം ഇന്ത്യൻ ആരാധകർക്കിടയിൽ വീണ്ടും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.