
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്ക്കെതിരെ കൊല്ലപ്പെട്ട തലാൽ അബ്ദോ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്ത്. കാന്തപുരം തങ്ങളുടെ കുടുംബവുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
മധ്യസ്ഥ ശ്രമങ്ങളോട് യോജിക്കുന്നില്ലെന്നും, നീതി (ഖിസാസ്) മാത്രമാണ് ആവശ്യമെന്നും അബ്ദുൽ ഫത്താഹ് മഹ്ദി വ്യക്തമാക്കി. ഇസ്ലാം സത്യത്തിന്റെ മതമാണെന്നും, കള്ളം പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തങ്ങളുടെ കുടുംബവുമായി കാന്തപുരമോ, ശൈഖ് ഹബീബ് ഉമറോ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അബ്ദുൽ ഫത്താഹ് പറയുന്നു. പ്രസ്താവനകൾ തെളിയിക്കാൻ കാന്തപുരത്തെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.
നേരത്തെ, നിമിഷ പ്രിയയുടെ മോചനശ്രമങ്ങൾ സംബന്ധിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. വിഷയത്തിൽ പലരും ക്രെഡിറ്റ് നേടാൻ ശ്രമിച്ചെന്നും, എന്നാൽ തങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മതത്തിന്റെയും രാജ്യത്തിന്റെയും സാധ്യതകൾ ഉപയോഗിച്ച് തങ്ങളുടെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു.