കൊല്ലം:കൊല്ലം തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. മൂന്നര മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് ശിലാസ്ഥാപനം നിർവ്വഹിച്ച മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
അതേസമയം അനാസ്ഥ കാരണമുണ്ടായ മരണത്തിന് വകുപ്പ് തല നടപടികൾ കൈക്കൊണ്ടെങ്കിലും പ്രതികൾക്കെതിരായ പൊലീസ് അന്വേഷണം ഇഴയുകയാണ്. ഒരിക്കലും ഉണങ്ങാത്ത മുറിവാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ മിഥുൻ്റെ മരണം.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമ്മിച്ചു നൽകുന്ന വീടിൻ്റെ ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.വിദ്യാഭ്യാസ വകുപ്പിൻ്റെ ധനസഹായവും ചടങ്ങിൽ കൈമാറി. നീറുന്ന മനസുമായി എല്ലാം കണ്ട് എല്ലാം ഏറ്റുവാങ്ങി മിഥുൻ്റെ കുടുംബവും.
ജൂലൈ 17നാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. സ്കൂളിൽ അപകടകരമായ രീതിയിൽ നിർമ്മിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈനിൽ തട്ടിയായിരുന്നു അപകടം.