‘യുക്രൈൻ ഈ യുദ്ധം ആഗ്രഹിക്കുന്നില്ല. ഞങ്ങൾ പോരാടുന്നത് സമാധാനം ആഗ്രഹിക്കുന്നില്ലാത്ത ഒരു രാജ്യത്തിനോടാണ്’. യുക്രൈന് നേരെ ഇന്നലെയും ഇന്ന് രാവിലെയുമായി നടന്ന റഷ്യയുടെ ആക്രമണ പരമ്പരയെക്കുറിച്ചുള്ള യുക്രൈൻ പ്രസിഡൻ്റ് വ്ളാദ്മിർ സെലെൻസ്കിയുടെ പ്രതികരണം. ഇന്നലെ രാത്രി സാപോറീഷിയയ്ക്ക് നേരെ തൊടുത്ത മിസൈലുകൾ ഉറങ്ങിക്കിടന്ന, ആരെയും ആക്രമിക്കാൻ പദ്ധതികൾ മെനഞ്ഞിട്ടില്ലാത്ത, ഒരു കൂട്ടം സാധാരണക്കാർക്കു മേലാണ് ചെന്ന് പതിച്ചത്. 13 മരണം, 90 ഓളം പരിക്കേറ്റവർ, അവരിൽ 11 കുഞ്ഞുങ്ങൾ. 200ലധികം രക്ഷാപ്രവർത്തകർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിലിലാണ്.
സാപോറീഷ്യയിലെ തീ അണയും മുൻപേ അടുത്ത ആക്രമണം. തലസ്ഥനമായ കീവിനെയും യുക്രൈനിൻ്റെ തെക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങളെയും ലക്ഷ്യം വച്ച് മാരകമായ പ്രഹരങ്ങൾ. കീവ്, ഖാർഖീവ്, ടെർണോപിൽ, ഖേംലിനിട്സ്കി എന്നിവിടങ്ങളിലായി 89 മിസൈലുകളാണ് റഷ്യ വിക്ഷേപിച്ചത്. 10 മരണങ്ങളും 60ലധികം പരിക്കേറ്റവരും ഔദ്യോഗിക കണക്ക്,. രക്ഷാപ്രവർത്തനവും തിരച്ചിലും ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ മരണ സംഖ്യ ഇനിയും ഉയരും.
റഷ്യ തങ്ങളെ കേവലം നശിപ്പിക്കാനല്ല ആഗ്രഹിക്കുന്നത്, ഭൂമുഖത്തു നിന്ന് തുടച്ചു നീക്കുകയാണ് അവരുടെ ലക്ഷ്യമെന്നു സെലിൻസ്കി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആക്രമണം കടുപ്പിച്ച റഷ്യയുടെ നടപടിക്കു പിന്നിൽ റഷ്യ യുദ്ധമുഖത്ത് നേരിട്ട് കൊണ്ടിരിക്കുന്ന തിരിച്ചടികൾ തന്നെയാണ് കാരണം.പുടിൻ നടത്താനിരിക്കുന്ന സെക്യൂരിറ്റി കൌൺസിൽ മീറ്റിംഗിന് ഏതാനും മണിക്കൂറുകൾ മുൻപാണ് ഈ ആക്രമണങ്ങൾ എന്നത് എന്തായാലും യാദൃശ്ചികമല്ല. യുദ്ധമുഖത്ത് നേരിടുന്ന തിരിച്ചടികൾ, സൈനിക നേതൃത്വത്തിനെതിരെ രാജ്യത്തിനും കൗണ്സിലിനുമുള്ളിൽ തന്നെ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. കെർച്ച് പാലത്തിൽ നടന്ന സ്ഫോടനം ഈ അന്ത സംഘർഷങ്ങളുടെ ആക്കം കൂട്ടിയിട്ടുമുണ്ട് എന്ന വേണം കരുതാൻ.
റഷ്യൻ അധീനതയിലായിരുന്ന പ്രദേശങ്ങളിലെ യുക്രൈനിൻ്റെ അഡ്വാൻസ്മെൻ്റ് തുടർന്ന് കൊണ്ടിരിക്കുന്നതും റഷ്യയെ പ്രതിരോധത്തിലാക്കുന്നുണ്ട്. തെക്കൻ ഖേർസോൺ പ്രവിശ്യയിൽ റഷ്യൻ പ്രതിരോധത്തെ തകർക്കുകയും, ആധിപത്യം നിലനിർത്താനും യുക്രൈൻ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഡോൺടെസ്കിൽ ലൈമാൻ നഗരം തിരിച്ചു പിടിച്ച് സൈന്യം കിഴക്കൻ ഭാഗങ്ങളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. സാപോറീഷ്യയിലെ ആണവ നിലയവും ലുഹാൻസ്കിലെ കിഴക്കൻ പ്രദേശങ്ങളും ഉക്രൈൻ തിരിച്ചെടുത്തു . ഡോൻബാസ് മേഖലയിലെ രണ്ട് പ്രധാന ലോജിസ്റ്റിക് ഹബ്ബുകളും നഗരങ്ങലും റഷ്യക്ക് നഷ്ടമായി കഴിഞ്ഞു. ഇതിനെല്ലാം മുകളിലേറ്റ പ്രഹരമായിരുന്നു കെർച്ച് പാലത്തിലെ സ്ഫോടനം. റഷ്യയെ സംബന്ധിച്ചിടത്തോളം യുക്രൈനുമായുള്ള യുദ്ധത്തിൽ തന്ത്രപ്രധാനമായ ലിങ്ക് ആയിരുന്നു 12 മൈൽ നീളമുള്ള കെർച്ഛ് പാലം. ക്രിമിയൻ ഉപദ്വീപും റഷ്യയും തമ്മിൽ നേരിട്ടുള്ള ഒരേയൊരു ട്രാൻസ്പോർട്ട് ലിങ്ക് ആണിത്. യുക്രൈനിലുള്ള റഷ്യൻ സൈന്യത്തിന് ഭക്ഷണവും ഇന്ധനവും എത്തിക്കുന്നത്തിനും ക്രിമിയയിൽ കേന്ദ്രീകരിച്ചു കൊണ്ട് യുക്രൈൻന്റെ തെക്കൻ പ്രദേശങ്ങളിലേക്കു സൈന്യത്തെ അയക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഉള്ള ഫോഴ്സ്സ് ആൻഡ് സപ്ലൈ റൂട്ട് ആണ് ഈ പാലം. യുക്രൈനിൻ്റെ ഭീകരാക്രമണ പദ്ധതിയാണിതെന്ന് പുടിൻ ആരോപിച്ചിട്ടുണ്ടെങ്കിലും യുക്രൈൻ ഇതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഈ സാഹചര്യത്തിലാണ് യുക്രൈൻ യുദ്ധത്തിൻ്റെ ചുമതലക്കാരനായി ജനറൽ സെർഗി സുറോവിക്കിൻ്റെ വരവ്. ശനിയാഴ്ചയാണ് നിലവിലെ രണ്ട് ഉദ്യോഗസ്ഥരെയും മാറ്റി യുക്രൈൻ യുദ്ധത്തിൻ്റെ കമാൻഡർ ആയി സുറോവിക്കിനെ പുടിൻ നിയമിക്കുന്നത്. തജികിസ്താനിലും സിറിയയിലും സേവമനുഷ്ഠിച്ച് കുപ്രസിദ്ധിയാർജിച്ചയാളാണ് സെർഗി. സിറിയൻ യുദ്ധത്തിൽ അലെപ്പോ നഗരത്തെ മൊത്തമായി നശിപ്പിച്ച ബോംബിങ്ങിനു നേതൃത്വം നൽകി ഹീറോ ഓഫ് റഷ്യ പദവിയും വിശിഷ്ട സേവനത്തിനു മെഡലും നൽകി ആദരിച്ചു റഷ്യ. യുക്രൈൻ യുദ്ധരംഗത്തേക്കുള്ള സെർഗിയുടെ വരവ് എന്തായാലും യുക്രൈന് മാരകമായിരിക്കുമെന്നുറപ്പ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളും റെഡ്ക്രോസ്സും നിലവിലെ സംഘർഷങ്ങളിൽ ആശങ്കയറിയിച്ചിട്ടുണ്ട്. ചർച്ചകളിലൂടെയും നയതന്ത്ര പരമായ രീതിയിലൂടെയും സംഘർഷം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്താൻ ഈ ആശങ്കകളും നിലപാടുകളും പര്യാപ്തമാണോ എന്ന ചോദ്യം ആവേശിപ്പിച്ചുകൊണ്ട് കീവിനു മുകളിലേക്ക് വീണ്ടും മിസൈലുകൾ പറക്കുകയും, യുക്രൈനിലെ തീ കെടാതെ കത്തുകയും ചെയ്തു കൊണ്ടേ ഇരിക്കുന്നു.