Banner Ads

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സംഘർഷം: വനിതാ സ്ഥാനാർത്ഥിയെ കസ്റ്റഡിയിലെടുത്ത് പോലീസ്, മോചിപ്പിച്ച് പ്രവർത്തകർ

കണ്ണൂർ :കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു ഡി എസ് എഫ് – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷo. യു ഡി എസ് എഫ് കള്ളവോട്ടിന് ശ്രമിച്ചു എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരോപിച്ചു. പൊലീസ് എസ് എഫ് ഐ പ്രവർത്തകരെ അകാരണമായി മർദിച്ചെന്നും ആരോപണം ഉയരുന്നുണ്ട്.

ലാത്തിയടിയിൽ എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗത്തിന് പരിക്കേറ്റു. എസ്എഫ്ഐ സ്ഥാനാർത്ഥി ഒരു യു യു സിയുടെ ബാഗ് തട്ടി പറിച്ചോടി എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ വൻ സംഘർഷമുണ്ടായി. എസ്എഫ്ഐ ജോയിൻ സെക്രട്ടറി സ്ഥാനാർത്ഥി അധിഷ കെ യെ പൊലീസ് പിടിച്ചു വെച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

എസ് എഫ് ഐ പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ പ്രവര്‍ത്തകരെത്തി പൊലീസിന്റെ പക്കൽ നിന്നും മോചിപ്പിച്ചു. എംഎസ്എഫ് പറയുന്നത് പൊലീസ് അനുസരിക്കുന്നുവെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.