
പാലക്കാട്:ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മത്സ്യതൊഴിലാളിയുടെ മൃതദേഹം എട്ടു ദിവസങ്ങൾ കഴിഞ്ഞ് കണ്ടെത്തി. ഇന്നലെ രാത്രി ഭാരതപ്പുഴയിലെ പാലക്കാട് മലപ്പുറം ജില്ലാ അതിർത്തിയായ കൂടല്ലൂർ യാറത്തിന്റെ ഭാഗത്തുനിന്നുമാണ് കണ്ടെത്തിയത്. ജീർണിച്ച് തിരിച്ചറിയാനാകാത്ത വിധത്തിൽ ആയിരുന്നു മൃതദ്ദേഹം.
ഇന്ന് രാവിലെ ഒഴുക്കിൽപ്പെട്ട യൂസഫിന്റെ സഹോദരനും ബന്ധുക്കളും സ്ഥലത്ത് എത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് മീറ്റ്നയിൽ നിന്നും മീൻ പിടിക്കുന്നതിനിടെ യൂസഫ് പുഴയിൽ അകപ്പെടുന്നത്. അഞ്ചുദിവസം തുടർച്ചയായി വേണ്ടി തിരച്ചിൽ നടത്തിയിട്ടും ഒഴുക്കിൽപ്പെട്ട യൂസഫിനെ കണ്ടെത്താൻ ആയിരുന്നില്ല. അഞ്ചാം ദിവസം ഡ്രോൺ പറത്തിയും യൂസഫിനായി തെരച്ചിൽ നടത്തിയിരുന്നു. പോലീസിന്റെ നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനല്കും.