Banner Ads

ദേശീയപാതയിൽ കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങലിന് സമീപം ഓടിക്കൊണ്ടിരുന്ന മാരുതി 800 കാർ പൂർണമായും കത്തിനശിച്ചു. കാറിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ നൽകിയ മുന്നറിയിപ്പാണ് യാത്രക്കാരായ റോമിക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കും രക്ഷയായത്.

ഇന്ന് രാവിലെ വലിയകുന്ന് സ്വദേശി റോമിയുടെ ഉടമസ്ഥതയിലുള്ള കാർ മാമത്തേക്ക് പോവുകയായിരുന്നു. തീ പടരുന്നത് കണ്ടയുടൻ റോമി കാർ സമീപത്തുള്ള ചെറുറോഡിലേക്ക് മാറ്റി നിർത്തി, ഇരുവരും പുറത്തിറങ്ങി. നിമിഷങ്ങൾക്കകം കാർ പൂർണമായും അഗ്നിക്കിരയായി.

റോമിയുടെ ആധാർ കാർഡ്, എടിഎം കാർഡുകൾ, മൊബൈൽ ഫോൺ എന്നിവയും കത്തിനശിച്ചവയിൽപ്പെടുന്നു. ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ അണച്ചെങ്കിലും കാർ പൂർണ്ണമായി കത്തിനശിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ദേശീയപാതയിൽ നിന്ന് കാർ മാറ്റിയിട്ടതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.

ഇന്നലെ കോന്നിക്ക് സമീപത്തും ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചിരുന്നു. പൂങ്കാവ് വെള്ളപ്പാറ റോഡിൽ ഉച്ചയോടെയായിരുന്നു അപകടം. പൂച്ചയെ മൃഗാശുപത്രിയിൽ കൊണ്ടുപോയി തിരികെ വരുംവഴി പ്ലാസ്റ്റിക്ക് കരിയുന്ന ഗന്ധം അനുഭവപ്പെട്ടു. ഇതോടെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി. അപ്പോഴേക്കും ബോണറ്റിനുള്ളിൽ നിന്ന് പുക ഉയരുകയും അല്പസമയത്തിനകം തീ ആളിപ്പടരുകയായിരുന്നു. അഗ്നിരക്ഷാസേന തീ അണച്ചെങ്കിലും അപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു.