Banner Ads

ക്ലാസ്മുറിയിൽ പാമ്പ് വന്നാൽ ഇനി ടീച്ചർ പിടിക്കും; അധ്യാപകർക്ക് പരിശീലനം നൽകാനൊരുങ്ങി വനം വകുപ്പ്

പാലക്കാട്: സ്കൂളുകളിൽ  പാമ്പുശല്യം വർധിച്ച സാഹചര്യത്തിൽ അധ്യാപകർക്ക് പാമ്പുപിടുത്തത്തിൽ പരിശീലനം നൽകാനൊരുങ്ങി വനം വകുപ്പ്. ഇതിനായി പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി വനം വകുപ്പ് സംസ്ഥാനത്തെ സ്കൂളുകൾക്ക് കൈമാറി. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത അധ്യാപകർക്ക് പരിശീലനം നൽകും.

ഇതിനുശേഷം കൂടുതൽ അധ്യാപകർക്ക് പരിശീലനം നൽകും.സ്കൂളുകളിലെ പാമ്പുശല്യം വിദ്യാർഥികൾക്ക് ഭീഷണിയാണെന്ന് പല കോണുകളിൽനിന്നും പരാതികൾ ഉയർന്നിരുന്നു. ക്ലാസ് മുറികളിലും ശുചിമുറികളിലും പാമ്പുകളെ കണ്ടെത്തുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് ഈ പ്രശ്നം പരിഹരിക്കാൻ വനംവകുപ്പ് മുന്നോട്ട് വന്നത്.

അധ്യാപകർക്ക് പാമ്പുകളെ തിരിച്ചറിയുന്നതിനും, സുരക്ഷിതമായി പിടിക്കുന്നതിനും, കൈകാര്യം ചെയ്യുന്നതിനും പരിശീലനം നൽകും. അടിയന്തര സാഹചര്യങ്ങളിൽ എന്ത് ചെയ്യണമെന്നും, പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകളെക്കുറിച്ചും പരിശീലനത്തിൽ ഉൾപ്പെടുത്തും.

ഇതിനായി വനംവകുപ്പ് തയ്യാറാക്കിയ പ്രത്യേക മൊഡ്യൂളിൽ പാമ്പുകളുടെ വിവരങ്ങൾ, അവയുടെ സ്വഭാവരീതികൾ, വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളെ തിരിച്ചറിയാനുള്ള വഴികൾ, പാമ്പുകടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

പാമ്പുകളെ പിടിക്കാൻ പരിശീലനം ലഭിച്ച അധ്യാപകർക്ക് സ്കൂളുകളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വനംവകുപ്പിന്റെ സഹായം തേടാതെ തന്നെ സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയും. ഇത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്.