കൽപ്പറ്റ:മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായുള്ള പുനരധിവാസ ടൗൺഷിപ്പിന്റെ നിർമ്മാണം ഈ വർഷം ഡിസംബർ 31-നകം പൂർത്തിയാക്കുമെന്നും, പുതുവർഷം പുതിയ നഗരത്തിൽ ആഘോഷിക്കാൻ കഴിയുമെന്നും റവന്യു മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു.
മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ 2024 ജൂലൈ 30-നുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി എൽസ്റ്റൺ എസ്റ്റേറ്റിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടൗൺഷിപ്പ് നിർമിച്ചു നൽകുന്നത്. 402 കുടുംബങ്ങളെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ 292 കുടുംബങ്ങൾ ടൗൺഷിപ്പിൽ വീടുകൾ തിരഞ്ഞെടുത്തിട്ടുണ്ട്. വീട് വേണ്ടാത്ത 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകി കഴിഞ്ഞു. നിർമ്മാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്. കാലതാമസമില്ലാതെ നിർമ്മാണം പൂർത്തിയാക്കി,
ദുരന്തബാധിതർക്ക് സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി. എന്നാൽ, ഗുണഭോക്തൃ പട്ടികയെ ചൊല്ലി ഇപ്പോഴും ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.