
കൽപ്പറ്റ: വയനാട്ടിൽ അതിതീവ്ര മഴ ബാണാസുര സാഗർ ഡാമിൻ്റെ ഷട്ടർ 2 മണിക്ക് തുറക്കും.ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പ്. ഒരു ഷട്ടറിന്റെ 15 സെൻറീമീറ്റർ ആണ് രണ്ടു മണിയോടെ ഉയർത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകൾ, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണം.
വെള്ളം കയറുന്ന ഭാഗങ്ങളിൽ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കിൽ ഒഴിപ്പിക്കാനും ക്യാമ്ബുകളിലേക്ക് മാറ്റാനും അതത് ഗ്രാമപഞ്ചായത്തുകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഡാം സ്പിൽവേയുടെ മുന്നിൽ പുഴയിൽ ഇറങ്ങുന്നതിൽ നിന്ന് ആളുകൾ പിന്തിരിയണമെന്നും ഇത് അപകടകരമാണെന്നും അധികൃതർ അറിയിച്ചു. ഡാം ജലം വന്നു പതിക്കുന്ന തോടുകളിലും പുഴകളിലും മറ്റും ഇറങ്ങി കുളിക്കാനോ മത്സ്യബന്ധനം നടത്താനോ പാടില്ല.
കുട്ടികൾ ജലശയങ്ങളിൽ പോകുന്നില്ല എന്നത് ഓരോ രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്.കേരളത്തിൽ കനത്ത മഴ തുടർന്നേക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ് കേരളത്തിൽ അടുത്ത 6 ദിവസം കനത്ത മഴയ്ക്കാണ് സാധ്യത. ജൂലൈ 19, 20 തീയതികളിൽ അതിതീവ്ര മഴയ്ക്കും 21 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.