കൊടുംവനത്തിനുള്ളിലെ ഒരു ഗുഹയ്ക്ക് മുന്നിൽ സാരിയും വസ്ത്രങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പോലീസിനെ ഞെട്ടിച്ച് ഒരു കണ്ടെത്തൽ.
ഉത്തര കന്നഡ ജില്ലയിലെ ഗോകർണയിലെ രാമതീർത്ഥ കുന്നിൻ മുകളിലെ ഗുഹയില്‍ നിന്നാണ് നിന കുറ്റിന (40) എന്ന റഷ്യൻ വനിതയെയും ആറും നാലും വയസുള്ള രണ്ട് പെണ്‍കുട്ടികളെയുമാണ് ഗോകർണ പൊലീസ് രക്ഷപ്പെടുത്തിയത്.
മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള പ്രദേശത്ത് വിനോദ സഞ്ചാരികളുടെ അടക്കം സുരക്ഷ മുൻനിറുത്തി ഗോകർണ പൊലീസ് ജൂലായ് ഒൻപതിന് വൈകിട്ട് പട്രോളിംഗ് നടത്തിയിരുന്നു. ഗുഹയ്ക്ക് സമീപം സാരിയും മറ്റ് വസ്ത്രങ്ങളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇവിടെ പരിശോധന നടത്തിയത്.
പിന്നാലെയാണ് യുവതിയെയും കുട്ടികളെയും കണ്ടെത്തിയത്. ഗുഹയ്ക്കുള്ളില്‍ മരത്തടികളും മറ്റും ഉപയോഗിച്ചാണ് ഇവർ ഷെഡ്ഡ് ഒരുക്കിയിരുന്നത്. ആത്മീയ ഏകാന്തത തേടി ഗോവയില്‍ നിന്നാണ് ഗോകർണയില്‍ എത്തിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ വന്യമൃഗങ്ങളും ഉഗ്രവിഷമുള്ള പാമ്പുകളും ഉള്ള പ്രദേശം അപകടം നിറഞ്ഞതാണെന്ന വസ്തുത പൊലീസ് ഇവരെ ബോദ്ധ്യപ്പെടുത്തി. തുടർന്ന് യുവതിയെയും കുട്ടികളെയും താഴ്വാരത്തെത്തിച്ച് കുംതയിലെ ആശ്രമത്തിലേക്ക് മാറ്റി.വിസയും മറ്റ് രേഖകളും ഗുഹയ്ക്ക് സമീപ്ത്ത് വച്ച് നഷ്ടമായെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
പൊലീസ് നടത്തിയ പരിശോധനയില്‍ ഗുഹയ്ക്ക് സമീപത്ത് നിന്ന് പാസ്പോർട്ടും വിസ രേഖകളും കിട്ടി. 2018 ഏപ്രില്‍ 19ന് യുവതിയുടെ വിസ കാലാവധി കഴിഞ്ഞിരുന്നു.വിസ കാലാവധി പൂർത്തിയായ ശേഷം നേപ്പാളിലേക്ക് പോയി അവിടെ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി എത്തുകയായിരുന്നു യുവതി.
ഇവരെ കാർവാറിലെ വനിത ശിശുക്ഷേമ വകുപ്പിന്റെ സെന്ററിലേക്ക് മാറ്റി. ഇവരെ ബംഗളുരുവിലെത്തിച്ച് റഷ്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടി ആരംഭിച്ചു.