Banner Ads

ദേശീയ പണിമുടക്ക്: കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം:ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചതനുസരിച്ച്, നാളെ നടക്കുന്ന ദേശീയ പണിമുടക്ക് ദിനത്തിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. കെഎസ്ആർടിസി ജീവനക്കാർ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും മന്ത്രി.കെഎസ്ആർടിസി പൊതുഗതാഗതമാണ്.

അതുകൊണ്ടുതന്നെ തൊഴിലാളികൾ സമരം ഒഴിവാക്കുമെന്നാണ് താൻ വിശ്വസിക്കുന്നത്. സമരം ചെയ്യാൻ പറ്റുന്ന സാഹചര്യമല്ല കെഎസ്ആർടിസിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ തവണ സമരം ചെയ്തപ്പോൾ ആറു ശതമാനം ജീവനക്കാർ മാത്രമാണ് പങ്കെടുത്തത്. ബാക്കി 94 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി എന്നത് കെഎസ് ആർടിസിയുടെ മാറുന്ന സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാർ നിലവിൽ സന്തുഷ്ടരാണ്. ജീവനക്കാരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. എന്നാൽ സമരത്തിൽ പങ്കെടുക്കുമെന്നും, നോട്ടീസ് കെഎസ്ആർടിസി സിഎംഡിക്ക് നേരത്തെ തന്നെ നൽകിയതാണെന്നുമാണ് കെഎസ്ആർടിസി-സിഐടിയു വിഭാഗം നേതാക്കൾ അറിയിച്ചിരിക്കുന്നത്.

ദേശീയ പണിമുടക്കിന്റെ ഭാഗമാകുമെന്ന് ഐഎൻടിയുസിയും പറയുന്നു.അതിനിടെ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം പൂർണമാണ്. ബസുകൾ പണിമുടക്കിയതോടെ സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ ജനങ്ങൾ വലഞ്ഞു. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്‌പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്.

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക,അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.