
ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ഇന്ന് തൻ്റെ 90-ാം ജന്മദിനം ആഘോഷിക്കുകയാണ്. നവതിയുടെ നിറവിൽ നിൽക്കുന്ന അദ്ദേഹത്തിന് ലോകമെമ്പാടുമുള്ള നേതാക്കളും അനുയായികളും ആശംസകൾ അർപ്പിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദലൈലാമയ്ക്ക് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹത്തിൻ്റെ ദീർഘായുസ്സിനും നല്ല ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ദലൈലാമയുടെ തത്ത്വങ്ങളും സമാധാന സന്ദേശങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.1935 ജൂലൈ 6-ന് ടിബറ്റിലെ തക്സെറിൽ ജനിച്ച ടെൻസിൻ ഗ്യാറ്റ്സോ, ആത്മീയ നേതാവായ ദലൈലാമയായി 1950-ൽ സ്ഥാനമേറ്റു.
സമാധാനത്തിനായുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്ക് 1989-ൽ നോബൽ സമ്മാനം ലഭിച്ചിരുന്നു.ഇന്ത്യയിൽ അഭയം തേടിയതിന് ശേഷം ഹിമാചൽ പ്രദേശിലെ ധർമ്മശാലയാണ് അദ്ദേഹത്തിൻ്റെ ആസ്ഥാനം. ലോകസമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി ദലൈലാമ നടത്തുന്ന പ്രവർത്തനങ്ങൾ എന്നും ശ്രദ്ധേയമാണ്.
ഇന്നലെ വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിൽ 130 വയസ് വരെ താൻ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ദലൈ ലാമ പറഞ്ഞിരുന്നു. മരണത്തിന് ശേഷമാകും തന്‍റെ പിന്തുടർച്ചാവകാശിയെ പ്രഖ്യാപിക്കുകയെന്നും ദലൈലാമ വ്യക്തമാക്കിയിരുന്നു. ഇതോടെ തന്റെ പിന്തുടർച്ചാവകാശിയെ ദലൈ ലാമ ഉടൻ പ്രഖ്യാപിക്കില്ലെന്ന് വ്യക്തമായി.