
കോവിഡ്-19 മഹാമാരിക്ക് പിന്നാലെ ചൈനയിൽ നിന്ന് വീണ്ടും ആശങ്കാജനകമായ വാർത്ത. ചൈനീസ് ഗവേഷകർ വവ്വാലുകളിൽ നിന്ന് 20-ലധികം പുതിയ വൈറസുകളെ കണ്ടെത്തിയതായി റിപ്പോർട്ട്. ഇതിൽ രണ്ടെണ്ണം മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതും മാരകവുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് മറ്റൊരു മഹാമാരിക്ക് വഴിവെച്ചേക്കുമോ എന്ന ഭയം ലോകമെമ്പാടും ഉയർത്തിയിട്ടുണ്ട്.2017 നും 2021 നും ഇടയിൽ യുനാൻ പ്രവിശ്യയിൽ നിന്ന് ശേഖരിച്ച 142 വവ്വാലുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ജനിതക വിശകലനത്തിലൂടെ ആകെ 22 വൈറസുകളെയാണ് ഗവേഷകർ തിരിച്ചറിഞ്ഞത്. ഇവയിൽ ഹെൻഡ്ര (Hendra)ഹെനിപ (Henipah)വൈറസുകളോട് സാമ്യമുള്ള രണ്ട് വൈറസുകളാണ് കൂടുതൽ അപകടകാരികളായി കണക്കാക്കപ്പെടുന്നത്. ഇവ മനുഷ്യരിൽ തലച്ചോറിലെ വീക്കം, ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാമെന്ന് ‘ദി സൺ’ റിപ്പോർട്ട് ചെയ്യുന്നു. ഈ വൈറസുകൾ മൂലമുണ്ടാകുന്ന രോഗങ്ങളുടെ മരണനിരക്ക് 75% വരെയാകാമെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ഈ പഠനത്തിൽ ഒരു അജ്ഞാത ബാക്ടീരിയയെയും ‘ക്ലോസിയെല്ലാ യുനാനെൻസിസ്’ (Klosecella yunanensis) എന്ന പുതിയ ഏകകോശ പരാദത്തെയും കണ്ടെത്തിയിട്ടുണ്ട്. 2019-ൽ ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 മഹാമാരിക്ക് ശേഷമുള്ള ഈ കണ്ടെത്തൽ, ഇത്തരം രോഗകാരികളെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.പുതിയ പഠനത്തിൽ, ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള പഴത്തോട്ടങ്ങളിൽ നിന്നാണ് വവ്വാലുകളെ കണ്ടെത്തിയിരിക്കുന്നത്.
ഹെനിപാവൈറസുകൾ വവ്വാലുകളുടെ മൂത്രത്തിലൂടെ പകരാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. വവ്വാലുകളുടെ മൂത്രം കലർന്ന വെള്ളമോ പഴങ്ങളോ മനുഷ്യരിലേക്ക് വൈറസുകൾ എത്തിക്കാൻ സാധ്യതയുണ്ട്. ഇത് മറ്റൊരു മഹാമാരിക്ക് കാരണമായേക്കാമെന്ന മുന്നറിയിപ്പും ഗവേഷകർ നൽകുന്നു. ഈ വൈറസുകൾ വവ്വാലുകളുടെ വൃക്കകളിലാണ് കൂടുതലായി കാണപ്പെടുന്നത്.നിപ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ട മലേഷ്യയോട് യുനാൻ പ്രവിശ്യയ്ക്കുള്ള സാമീപ്യം, ഈ വൈറസുകളുടെ വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നു.
ഇത് ആരോഗ്യ വിദഗ്ദ്ധർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത കോവിഡ്-19 മഹാമാരി, വുഹാൻ വൈറസ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് വൈറസ് ചോർന്നതിനെ തുടർന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്ന സിദ്ധാന്തങ്ങളും നിലനിൽക്കുന്നുണ്ട്. വവ്വാലുകളെയും കൊറോണ വൈറസുകളെയും കുറിച്ച് പഠിക്കുന്നതിൽ ഈ ലാബ് ഏറെ പ്രശസ്തമാണ്.
ഈ പശ്ചാത്തലത്തിൽ, ചൈനയിൽ നിന്നുള്ള ഓരോ പുതിയ വൈറസ് കണ്ടെത്തലും ലോകത്ത് വലിയ ആകാംഷയോടെയും ഭയത്തോടെയുമാണ് നോക്കിക്കാണുന്നത്.പുതിയ കണ്ടെത്തലുകൾ വൈറസ് പഠനങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തേണ്ടതിൻ്റെയും, മനുഷ്യരിലേക്ക് മൃഗങ്ങളിൽ നിന്ന് രോഗങ്ങൾ പകരാനുള്ള സാധ്യതകളെക്കുറിച്ച് ജാഗ്രത പുലർത്തേണ്ടതിൻ്റെയും പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.