കോഴിക്കോട് :ചാലിയത്തുനിന്ന് ബേപ്പൂരിലേക്കുപോകാൻ ജങ്കാറിൽ കയറ്റുന്നതിനിടെ കാർ നിയന്ത്രണംവിട്ട് ചാലിയാറിൽ പതിച്ചു.പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബുധനാഴ വൈകീട്ട് ജങ്കാറിൽ കയറാൻ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞത്.
കാറിൽ ഏഴുപേരുണ്ടായിരുന്നു.ഇതിൽ മൂന്നുകുട്ടികളും മൂന്നുസ്ത്രീകളും ഒരു പുരുഷനുമായിരുന്നു യാത്ര ചെയ്തിരുന്നത്.ഉടൻതന്നെ ജങ്കാറിലുണ്ടായിരുന്നവരും നാട്ടുകാരും കോസ്റ്റൽ പോലീസും ചേർന്ന് ഇവരെ കരയ്ക്ക് എത്തിച്ചു.മീഞ്ചന്തയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.കാറിലുണ്ടായിരുന്നവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാലിയം കോസ്റ്റൽ എസ്ഐ പി. ഹരീഷ്, കെ. രാജേഷ്, പി.മിഥുൻ, ഹാരിസ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി. ക്രെയിൻ എത്തിയാണ് കാർ പുഴയിൽനിന്നെടുത്തത്.