മൂന്നാർ:നല്ലതണ്ണി കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്. രാവിലെ തോട്ടം തൊഴിലിനായി പോകവേ ഇവർ കാട്ടാനയുടെ മുമ്പിൽ പെടുകയായിരുന്നു. മുഖത്തിന് പരിക്കേറ്റ പ്രദേശവാസിയായ ഷൈനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് തോട്ടം തൊഴിലാളിക്ക് നേരെ നല്ലതണ്ണി കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ വച്ച് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.
മറ്റ് തൊഴിലാളികൾക്കൊപ്പം ഷൈനിയും തോട്ടം തൊഴിലിനായി പോവുകയായിരുന്നു. ഏറ്റവും മുമ്പിൽ ആയിട്ടായിരുന്നു ഷൈനി നടന്നിരുന്നത്.റോഡിൽ നിന്നിരുന്ന ആനയെ ഷൈനി കണ്ടിരുന്നില്ല.ആനയുടെ മുമ്പിൽ അകപ്പെട്ടതോടെ ഷൈനി ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും ആന തുമ്പിക്കൈകൊണ്ട് ആക്രമിച്ചതായാണ് വിവരം. ആക്രമണ ശേഷം ഇവിടെ നിന്നും ആന പിൻവാങ്ങി. സംഭവ ശേഷം പരിക്കേറ്റ ഷൈനിയെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേനൽക്കാലമാരംഭിച്ച ശേഷം മൂന്നാറിലെ തോട്ടം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.
കാട്ടാനകൾ പതിവായെന്നോണം ജനവാസ മേഖലയിൽ എത്തുന്ന സ്ഥിതിയുണ്ട്.ആനയുടെ സാന്നിധ്യമുള്ളയിടങ്ങളിൽ പോലും തൊഴിലാളികൾ അതിരാവിലെ തോട്ടങ്ങളിൽ ജോലിക്കിറങ്ങേണ്ടിവരുന്നത് അപകട സാധ്യത വർധിപ്പിക്കുന്നുവെന്നും പരാതിയുണ്ട്.കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാൻ ഫലപ്രദമായ ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാണ്.കാട്ടാന ശല്യം രൂക്ഷമായതോടെ പ്രദേശത്ത് നിയോഗിച്ചിട്ടുള്ള ആർ ആർ റ്റി സംഘം ഇവിടെ ആനകളെ നിരീക്ഷിച്ച് വരുന്നുണ്ട്.ഇതിനിടയിലാണ് പ്രദേശത്ത് കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുള്ളത്.