അങ്ങനെ നിയമസഭയിലിരിക്കെ മങ്കടയുടെ മണിമുത്ത് മഞ്ഞളാംകുഴി അലി സാഹിബിന്റെ തലയിൽ ഒരു ഐഡിയ കത്തി. മനസ്സിൽ എന്ത് തോന്നിയാലും വച്ച് താമസിപ്പിക്കാത്ത സാഹിബ് അപ്പോൾ തന്നെ കാര്യം സഭയിൽ അവതരിപ്പിച്ചു. ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വിമാന സർവ്വീസ് ആണ് സാഹിബിന്റെ സ്വപ്നം. അതിന് സർക്കാർ മുൻകൈ എടുക്കണമത്രെ. കെ റെയിലിന് ഉള്ള പ്രശ്നങ്ങളൊന്നും വിമാന സർവ്വീസിന് ഉണ്ടാവില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഐഡിയ കേട്ടതും സഭ ഒന്നാകെ കുലുങ്ങി. ആ കുലുക്കം കേരളമാകെ വ്യാപിച്ചു. അതിന്റെ ഫലമെന്നോണം സാഹിബ് ഒരു പോക്ക് പോയതാണ്. ബഹിരാകാശവും ശൂന്യാകാശവും കടന്ന് ജയിംസ് വെബ്ബ് ദൂരദർശിനിക്ക് പോലും കണ്ടുപിടിക്കാൻ കഴിയാത്ത പ്രപഞ്ചത്തിന്റെ ഏതോ ഒരു മൂലയിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്.
നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത്രയും വലിയ മണ്ടത്തരം തന്റെ പൊളിറ്റിക്കൽ കരിയറിൽ കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാട് മുഴുവൻ സാഹിബിന്റെ ഐഡിയ കേട്ട് മൂക്കത്ത് വിരൽ വച്ചിട്ടും സാഹിബിനും അദ്ദേഹത്തിന്റെ പാർട്ടിക്കാർക്കും കുലുക്കമില്ല. എംഎൽഎ പറഞ്ഞ് നിർത്തിയതിന് പിന്നാലെ മുന്നും പിന്നും നോക്കാതെ പിന്തുണയുമായി ലീഗ് പ്രവർത്തകർ ഇറങ്ങി. ഇപ്പോഴവർ സോഷ്യൽ മീഡിയയിൽ ന്യായീകരിച്ച് മെഴുകുന്ന തിരക്കിലാണ്. വൻ തുക ചെലവ് വരുന്നില്ല. സ്ഥലം ഏറ്റെടുക്കണ്ട. വീട് പോളിക്കേണ്ട. അത്കൊണ്ട് തന്നെ ആർക്കും നഷ്ടപരിഹാരം നൽകേണ്ട. ഇരട്ടി വേഗത്തിൽ സഞ്ചരിക്കാനും കഴിയും. എയർ കേരള എന്ന് പദ്ധതിക്ക് പേരുമിട്ടാൽ വികസനം ശടപടേന്ന് വരും. പിന്നെന്താണ് നിങ്ങളുടെയൊക്കെ പ്രശ്നമെന്നാണ് അവർ ഒരേ സ്വരത്തിൽ ചോദിക്കുന്നത്.
അല്ല ലീഗുകാരേ ഇത് ഇങ്ങനെ പറന്ന് നടന്നാ മാത്രം മതിയോ?. ഇടയ്ക്ക് അവനവന്റെ കവലയിൽ എത്തുമ്പോൾ ഇറങ്ങണ്ടേ. അതിനുള്ള വിമാനത്താവളം എവിടെ പണിയും. തൽക്കാലം വെറുതെ കിടക്കുന്ന പാടങ്ങളിലും തരിശ് ഭൂമിയിലും നമുക്ക് വിമാനം ഇറക്കാം അല്ലേ. അവധി ദിവസങ്ങളിൽ സ്കൂൾ ഗ്രൗണ്ടുകളും ഉപയോഗിക്കാം. വിമാനത്താവളത്തിന്റെ അറ്റകുറ്റപ്പണിയും മറ്റ് അല്ലറ ചില്ലറ പണികളും തൊഴിലുറപ്പുകാരെ ഏൽപ്പിക്കാം. മണ്ണെണ്ണയുടെ മറ്റൊരു രൂപമായ വൈറ്റ് കെറോസിൻ ആണ് വിമാനത്തിൽ ഉപയോഗിക്കുന്നത്. അത് എവിടുന്ന് ഒപ്പിക്കും. ആ അതിന് റേഷൻ കടയുണ്ടല്ലോ. എല്ലാ മാസവും കിറ്റിന്റെ കൂടെ മണ്ണെണ്ണ കൂടി തരട്ടേ. അര ലിറ്റർ മണ്ണെണ്ണയ്ക്ക് തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ പറ്റുമായിരിക്കും. പിന്നെ വിമാനത്താവളത്തിനടുത്ത് സ്റ്റോപ്പ് ഉള്ളവർക്ക് കൺസഷൻ കിട്ടിയാൽ എന്താ പുളിക്കുമോ?. പെട്ടെന്നൊരു ചായ കുടിക്കണമെന്ന് തോന്നിയാൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡും തിരിച്ചും പോകാൻ എന്നാ സമയം വേണം. ആകെ മൊത്തം അടിപൊളി സെറ്റപ്പ് തന്നെ. എന്നാപ്പിന്നെ ജില്ല തോറും ആക്കണ്ട, നമ്മക്ക് ഓരോ പഞ്ചായത്തിലും വിമാനത്താവളം പണിയാം. നമ്മുടെ നാടും പുരോഗമിക്കട്ടെ. അങ്ങനെ നമ്മൾ മലയാളികൾക്ക് അങ്ങ് സുഖിക്കണം.