
ദില്ലി: ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. യശ്വന്ത് വർമ്മയുടെ വീട്ടിൽ പണം നിറച്ച ചാക്കുകൾ ഉണ്ടായിരുന്നു എന്നാണ് മൊഴി. ദില്ലി പൊലീസ്, അഗ്നിശമന സേന അംഗങ്ങൾ എന്നിവരാണ് മൊഴി നല്‍കിയത്. യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന വാർത്ത വലിയ വിവാദമായതോടെ പണം കിട്ടിയില്ലെന്ന് പറഞ്ഞ് ഫയർഫോഴ്സ് നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാൽ ജഡ്ജിയുടെ വീട്ടിൽ പണം ഉണ്ടായിരുന്നു എന്നാണ് ഇപ്പോൾ അധികൃതർ നൽകിയ മൊഴി.അതേസമയം പണം കണ്ടെത്തിയിട്ടും എന്ത്കൊണ്ട് പിടിച്ചെടുത്തില്ല എന്നും സുപ്രീംകോടതി നിയോഗിച്ച സമിതി ചോദിച്ചപ്പോൾ കേസ്
ഇല്ലാത്തതു കൊണ്ട് പിടിച്ചെടുക്കാൻ പറ്റില്ലായിരുന്നു എന്നാണ് ദില്ലി പൊലീസ് കമ്മീഷണർ മറുപടി നൽകിയത്. ഹോളി ദിനത്തില്‍ ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയിൽ തീപിടിത്തം ഉണ്ടാവുകയും അത് അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ 15 കോടി രൂപ കണ്ടെത്തി
എന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം.പിന്നീട് വാർത്ത വലിയ ചർച്ചയായതോടെ ജഡ്ജിയുടെ വസതിയിൽ നിന്ന് ഫയർഫോഴ്സ് പണം കണ്ടെത്തിയിട്ടില്ലെന്നും15 മിനിറ്റിനുള്ളിൽ തീയണച്ചുവെന്നും സ്റ്റേഷനറി സാധനങ്ങൾക്കാണ് തീപിടിച്ചതെന്നും വിശദീകരിച്ച് ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗ് രംഗത്ത് വന്നിരുന്നു.ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീം കോടതി യശ്വന്ത് വര്‍മ്മക്കെതിരെ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥവും മാറ്റി. അന്വേഷണ സമിതിയുടെ മൊഴിയെടുക്കലിലാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
തീപിടുത്ത സമയത്ത് ചാക്കുകെട്ടുകളിൽ ഉണ്ടായിരുന്ന പണം കത്തി നശിച്ചുവെന്നും,ഇതിന്റെ വീഡിയോ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തിയിരുന്നു, എന്നാൽ വീഡിയോ തെറ്റായ കൈകളിൽ എത്താതിരിക്കാനായി ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അവ ഡിലീറ്റ് ചെയ്തെന്നും ഉദ്യോഗസ്ഥർ മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ.