കഷ്ടം തോന്നുന്നത് രാഹുൽ ഗാന്ധിയുടെ അവസ്ഥ ആലോചിച്ചാണ്. ഓഫീസ് അടിച്ചുതകർത്ത എസ്എഫ്ഐ കുട്ടികളോട് മഹാമനസ്കനായ ആശാൻ ക്ഷമിച്ചിരിക്കുന്നു എന്നും പറഞ്ഞ് അതിഥി താരമായി തന്റെ ഭാഗം അഭിനയിച്ച് തകർത്ത് പോയതാണ് രാഹുൽ. ഒടുവിൽ ചിത്രത്തിന്റെ ഇന്നലെ പുറത്തിറങ്ങിയ ക്ലൈമാക്സ് കണ്ട്, കെ സുധാകരൻ ഇടയ്ക്കിടെ തന്റെ കുട്ടികളെന്ന് വിളിക്കുന്ന, ഓഫീസ് പിഎ അടക്കമുള്ള സെമി കേഡർ കുട്ടികളെ തല്ലണോ തലോടണോ എന്നറിയാതെ കുഴഞ്ഞിരിക്കുകയാവണം അദ്ദേഹം. ‘കൈപ്പത്തി’ക്കൊപ്പം കയ്യിൽ കരുതിയിരിക്കുന്ന ‘ബൂമറാങ് ‘ കൂടി പാർട്ടി ചിഹ്നമാക്കേണ്ട ഗതികേടിലാണ് കേരളത്തിലെ കോൺഗ്രസ്സ്. അമ്മാതിരി സ്പീഡിലാണ് ഓരോന്ന് തിരിച്ചു വന്ന് കൊള്ളുന്നത്.
സമീപകാലത്ത് ഏറ്റവും വിവാദമായ സംഭവമായിരുന്നു രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിക്കപ്പെട്ടത്.അദ്ദേഹത്തിന്റെ കസേരയിൽ നട്ട വാഴയും, തറയിൽ പൊട്ടിക്കിടക്കുന്ന മഹാത്മാവിന്റെ ചിത്രവും ചില്ലറ രാഷ്ട്രീയ കോലാഹലങ്ങളല്ല സൃഷ്ടിച്ചത്. എന്തിന്, എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി പാർലമെന്റിൽ ആവശ്യപ്പെടുന്ന ഘട്ടം വരെയെത്തി കാര്യങ്ങൾ. അക്രമപരിപാടികളെ പൂർണമായും തള്ളുകയായിരുന്നു പ്രതിസ്ഥാനത്തുള്ള എസ്എഫ്ഐ ചെയ്തത്. എങ്കിലും, ഗാന്ധി ചിത്രം തകർത്തത് തങ്ങളുടെ പ്രവർത്തകരല്ല എന്ന് അന്ന് മുതൽക്കെ എസ്എഫ്ഐ ആവർത്തിക്കുകയും ചെയ്തിരുന്നു. അത് സാധൂകരിക്കും വിധമായിരുന്നു ഇന്നലെ നടന്ന കോൺഗ്രസ്സ് പ്രവർത്തകരുടെ അറസ്റ്റ്.
ഇങ്ങനെ തിരിച്ചടിക്കുന്ന ഇനങ്ങൾ കോൺഗ്രസ്സിന് എന്നും ഇഷ്ടവിഷയമായിരുന്നു. മഹാത്മാവിനെ അപമാനിച്ചെന്ന പേരിൽ ഇക്കണ്ട കോലാഹലമത്രയും കാട്ടിക്കൂട്ടിയ കോൺഗ്രസുകാർ ഇതിനുമുൻപ് അരയും തലയും മുറുക്കി ഇറങ്ങിയത് 2015 ലാണ്. അന്ന് സ്ത്രീത്വത്തെ അപമാനിച്ചു എന്നതായിരുന്നു ആരോപണം. തിരുവനന്തപുരത്ത് സിപിഎമ്മിനെതിരെ മത്സരിച്ച കോൺഗ്രസ്സ് സ്ഥാനാർഥിയായ സതികുമാരി എന്ന വീട്ടമ്മയുടെ മുടി മുറിച്ചു എന്നതായിരുന്നു സംഭവം. സംഭവത്തിൽ പ്രതിഷേധം ശക്തമായി വരുമ്പോഴായിരുന്നു കോൺഗ്രസ്സ് വാദങ്ങൾ എല്ലാം പൊളിച്ച് ഇവരെ ചികിത്സിച്ച ഡോക്ടർ മൊഴി നൽകിയത്. തുടർന്ന് വിശദമായ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് തെളിയുകയായിരുന്നു.
മുടിയും കടന്ന് സ്വന്തം കിടപ്പാടം കത്തിച്ചായിരുന്നു സിപിഎമ്മിൽ നിന്ന് കോൺഗ്രസ്സിലെത്തിയ നെയ്യാറ്റിൻകര മുൻ എംഎൽഎ ആർ സെൽവരാജ് ഒരു കടുംകൈ പ്രയോഗം നടത്തിയത്. 2012 ലെ നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു അത്. തന്നെയും കുടുംബത്തെയും വകവരുത്തുവാൻ സിപിഎം നടത്തിയ ശ്രമം എന്നായിരുന്നു ആരോപണം. കുതിരക്കച്ചവടത്തിന്റെ ആരോപണങ്ങള് ഏറ്റുവാങ്ങിയ സെൽവരാജിന് ഈ സംഭവം പിന്നീട് കൂനിന്മേൽ കുരു ആയി മാറി. സെൽവരാജും അദ്ദേഹത്തിന്റെ ഗൺമാനും ചേർന്ന് നടത്തിയ നാടകമായിരുന്നു തീവെക്കൽ എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
അടുത്തിടെ കോൺഗ്രസ്സുകാർ ഒപ്പിച്ചുവച്ച പുതിയ പുലിവാലും തിരുവനന്തപുരത്ത് തന്നെയായിരുന്നു. യൂത്ത് കോൺഗ്രസ്സ് നേതാവ് ലീനയുടെ വീട് സിപിഎം പ്രവർത്തകർ അടിച്ച് തകർത്തു എന്നായിരുന്നു ആരോപണം. വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിന്റെ പിന്നാലെയായിരുന്നു ഈ അക്രമസംഭവം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കമുളള വൻ നേതൃനിര തന്നെ സംഭവസ്ഥലം സന്ദർശിച്ച് കടുത്ത വിമർശനം ഉയർത്തിയിരുന്നു. എന്നാൽ ഈ ആരോപണത്തിനും അല്പയുസ്സായിരുന്നു. അടിമുടി ദുരൂഹത തോന്നിയ പോലീസ്, ലീനയുടെ മകൻ നിഖിൽ കൃഷ്ണയെ ചോദ്യം ചെയ്തപ്പോൾ കള്ളി വെളിച്ചത്താവുകയായിരുന്നു. ഇരട്ടക്കൊലക്ക് പിന്നാലെ സിപിഎം അക്രമണം നടത്തിയെന്ന് വരുത്തി തീർക്കുവാൻ താൻ സ്വന്തമായി വീട് അടിച്ചു തകർക്കുകയായിരുന്നു എന്ന് മകൻ സമ്മതിക്കുകയായിരുന്നു.
ഇങ്ങനെ പലവിധം കഞ്ഞിക്കുഴിത്തരങ്ങൾ കോൺഗ്രസ്സ് കയ്യിൽ നിന്ന് എടുത്ത് പയറ്റിയിട്ടുണ്ട്. പോയതിലും വേഗത്തിൽ അതെല്ലാം തിരിച്ച് വന്നിട്ടുമുണ്ട്. പല സംഭവങ്ങളിലും അതിഥി താരങ്ങളായി കേരളത്തിലെ ഒരേ നേതാക്കൾ തന്നെ പലതവണ എത്തിയിട്ടുണ്ട് എന്നത് മറ്റൊരു കൗതുകകരമായ കാര്യമാണ്. ഏറ്റവും പുതിയ വയനാട് വിഷയത്തിൽ അവർക്കൊരു ഹിന്ദി നടനെ കൂടി അതിഥി താരമായി കിട്ടി എന്നുമാത്രം.