കോട്ടയം:കേരളത്തിൽ 14 മാസത്തിനിടെ 74,300 കുട്ടികൾക്ക് മുണ്ടിനീര് റിപ്പോർട്ട് ചെയ്തിരുന്നു. 2017-നുശേഷം മുണ്ടിനീര് അടക്കമുള്ള മൂന്നു രോഗങ്ങളെ ചെറുക്കുന്ന എംഎംആർ വാക്സിൻ നൽകാത്തത് രോഗബാധ കൂടാൻ കാരണമാകുന്നു.വാക്സിൻ ഡോസ് അനുവദിക്കുന്നത് കേന്ദ്രസർക്കാരാണ്.
2017 ൽ കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ വാക്സിനേഷൻ പട്ടികയിൽ എംഎംആർ ഇതുവരെ ഉൾപ്പെടുത്തിയില്ല. മീസിൽസ്, റൂബെല്ല വാക്സിൻ മാത്രമാണ് കേന്ദ്രം വിതരണംചെയ്യുന്നത്.കേരളം കുറച്ചുകാലത്തേക്ക് എഎംആർ വാക്സിൻ വാങ്ങി കുട്ടികൾക്ക് നൽകിയെങ്കിലും തുടർന്നില്ല. മുണ്ടിനീര് വ്യാപനം കണ്ട സാഹചര്യത്തിൽ 2017 ലെ നയം തിരുത്തി എംഎംആർ അനുവദിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വയനാട്ടിൽ മുണ്ടിനീര് വ്യാപനത്തെ തുടർന്ന് ഒരു സ്കൂൾ 29 ദിവസം അടച്ചിടേണ്ടിവന്നു. ആലപ്പുഴയിൽ എട്ട് സ്കൂളുകൾ 21 ദിവസം ക്ലാസ് ഒഴിവാക്കി. കൊല്ലം. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും കൂടുതലായി രോഗം റിപ്പോർട്ട് ചെയ്തു. ഇവിടെയും സ്കൂളുകൾ ഒരാഴ്ചയ്ക്കുമേൽ അടച്ചിട്ടു. വൈറസാണ് മുണ്ടിനീര് ബാധയ്ക്കു കാരണം. ഗുരുതരസാഹചര്യത്തിൽ പ്രത്യുത്പാദന വ്യവസ്ഥയെവരെ ബാധിക്കാവുന്ന രോഗമാണിത്.