Banner Ads

മെഡിക്കല്‍ സ്റ്റോറുകാരന്റെ അനാസ്ഥ ; മരുന്ന് മാറി നല്‍കി എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂര്‍: മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് മാറി നല്‍കി എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ പഴയങ്ങാടി സ്വദേശി സമീറിന്റെ ആണ്‍കുഞ്ഞാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഡോക്ടര്‍ എഴുതിക്കൊടുത്ത മരുന്നിന് പകരം അമിത ഡോസുള്ള മറ്റൊരു മരുന്നാണ് മെഡിക്കല്‍ സ്റ്റോറുകാര്‍ നല്‍കിയ ത്. നല്‍കിയ മരുന്ന് കുഞ്ഞിന്റെ കരളിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പനിക്കുള്ള സിറപ്പാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇത് കുറിപ്പടിയില്‍ വ്യക്തമായി എഴുതിയിട്ടുമുണ്ടായിരുന്നു. എന്നാല്‍ മെഡിക്കല്‍ ഷോപ്പുകാര്‍ നല്‍കിയത് ഡ്രോപ്‌സ് ആണെന്നും മരുന്ന് മാറിയത് തിരിച്ചറിയാതെ രക്ഷിതാക്കള്‍ സിറപ്പ് നല്‍കാന്‍ നിര്‍ദ്ദേശിച്ച അതേ അളവില്‍ ഡ്രോപ്‌സ് നല്‍കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.മരുന്ന് നല്‍കി അല്പം കഴിഞ്ഞതോടെ കുഞ്ഞിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്ന് കുറിപ്പടി എഴുതി നല്‍കിയ ഡോക്ടറെ ബന്ധപ്പെട്ടപ്പോഴാണ് മരുന്ന് മാറിയ വിവരം മനസ്സിലാക്കിയത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഉടന്‍ കുഞ്ഞിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നും പരാതിയില്‍ വിശദമാക്കുന്നു.

കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണെങ്കിലും അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മരുന്ന് മാറി നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മെഡിക്കല്‍ സ്റ്റോറുകാരുടെ ഭാഗത്തുനിന്ന് മോശം പ്രതികരണമാണ് ഉണ്ടായതെന്നും കുഞ്ഞിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്നാല്‍ പോയി കേസുകൊട് എന്നായിരുന്നു മെഡിക്കല്‍ സ്റ്റോറുകാര്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് മരുന്ന് നല്‍കിയ പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *