Banner Ads

സാധനം വാങ്ങാനെന്ന വ്യാജേനെ എത്തി ; വയോധികയുടെ നാലു പവന്റെ സ്വര്‍ണമാല കവര്‍ന്നു

പത്തനംതിട്ട: സ്റ്റേഷനറിക്കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേനെ എത്തി വയോധികയുടെ നാലു പവന്റെ സ്വര്‍ണമാല മോഷ്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാക്കളെ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. ആറന്മുള തറയില്‍ മുക്ക്, ശ്രീമംഗലം വീട്ടില്‍ അഖില്‍ എസ്. നായര്‍, കോയിപ്രം പുറമറ്റം മുണ്ടമല പൂക്കുഴിയില്‍ വീട്ടില്‍ അരുണ്‍ രാജ് എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തതത്.കഴിഞ്ഞ ആറിന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് സംഭവം.

കോഴഞ്ചേരി ഈസ്റ്റ് യു.പി സ്‌കൂളിന് എതിര്‍വശം 60 വര്‍ഷമായി സ്റ്റേഷനറിക്കട നടത്തുന്ന സെന്റ് തോമസ് കോളേജിന് സമീപം മുരിക്കേത്ത് വടക്കേതില്‍ കൗസല്യ (80) യുടെ മാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഇവര്‍ ഒറ്റയ്ക്കാണ് കട നടത്തുന്നത്. കടയോട് ചേര്‍ന്ന് ഇടവഴിയിലൂടെ നടന്നു വന്ന മോഷ്ടാക്കളിലൊരാള്‍ രണ്ട് ജ്യൂസും പല്ല് തേക്കാനുള്ള പേസ്റ്റും ബിസ്‌കറ്റും ആവശ്യപ്പെട്ടു.ജ്യൂസും പേസ്റ്റും എടുത്ത് മേശപ്പുറത്ത് വച്ചശേഷം ബിസ്‌ക്കറ്റ് എടുക്കാനായി തിരിഞ്ഞപ്പോഴാണ് മുറ്റത്ത് നിന്നയാള്‍ കടക്കുള്ളില്‍ അതിക്രമിച്ചു കയറി പിന്നില്‍ വന്നു മാല പറിച്ച് ഓടിയത്.

പുറത്ത് രണ്ടാംപ്രതി സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയ ബൈക്കില്‍ കയറി ഇരുവരും രക്ഷപ്പെടുകയായിരുന്നു. ബഹളം വച്ചു കൊണ്ട് പിന്നാലെ ഓടിയെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡാന്‍സാഫ് സംഘവും ചേര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് വീടുകളില്‍ നിന്നും പ്രതികളെ കസ്റ്റഡിയിലെടുത്തത്.പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഒ വി.എസ്.പ്രവീണാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. മോഷ്ടാക്കളെ പിടികൂടിയ സംഘത്തില്‍ എസ്.ഐ.വിഷ്ണു, എ.എസ്. ഐ സലിം, എസ്.സി.പി.ഓ അനില്‍, സി.പി.ഓമാരായ ജിതിന്‍, വിനോദ്, വിഷ്ണു, സി.പി.ഓ മനു എന്നിവരും, ഡാന്‍സഫ് ടീമിലെ അംഗങ്ങളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *