മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി ജെറിനാണ് അറസ്റ്റിലായത്.വനം വകുപ്പിന്റെ പരാതിയെ തുടർന്ന് കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം മലപ്പുറം കരുവാരകുണ്ട് ജനവാസമേഖലയിൽ കടുവയിറങ്ങിയെന്ന പേരിൽ യുവാവ് തെറ്റായ വീഡിയോ പ്രചരിപ്പിച്ചിരുന്നു.കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയുടെ ദൃശ്യങ്ങൾ തൊട്ടടുത്തു നിന്നാണ് പകർത്തിയതെന്നായിരുന്നു ജെറിൻ പറഞ്ഞിരുന്നത്. ജെറിന്റെ വാദത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെ അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തലചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്നാണ് കടുവയെ കണ്ടതെന്നായിരുന്നു ജെറിൻ പറഞ്ഞത്. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്നുമാണ് ഇയാൾ പറഞ്ഞത്. എന്നാൽ കരുവാരകുണ്ട് ജനവാസമേഖലയിൽ കടുവയുടെ കാൽപ്പാടുകൾ കാണാത്തതിനെ തുടർന്ന് ജെറിനെ കൂടുതൽ തവണ വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
തുടരെത്തുടരെ ഉണ്ടായ ചോദ്യം ചെയ്യലിൽ താൻ വീഡിയോ എടുത്തില്ല എന്നും പഴയ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നുമുള്ള കാര്യം പുറത്ത് വന്നു. ജനവാസമേഖലയിൽ കടുവയെ കണ്ടു എന്ന് പറഞ്ഞ് ഭീതി പരത്തിയതിന്റെ പേരിൽ ജെറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.