Banner Ads

ചുട്ടുപൊള്ളി കോട്ടയം ; നിർദ്ദേശവുമായി അധികൃതർ

കോട്ടയം ജില്ലയിൽ ചൂട് കൂടുന്നു പകൽ സമയത്തെ ഉയർന്ന ചൂടും രാത്രിയിലെ തണുപ്പും രോഗങ്ങൾ വരാനുള്ള സാധ്യത കൂടുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി . ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണ യെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അതേസമയം, ചൂടിൻ്റെ കാഠിന്യം കൂടിയത് ടൂറിസം മേഖലയെയും സാരമായി ബാധിച്ചു.ഹൈറേഞ്ച് ഉൾപ്പെടെ മിക്ക ടൂറിസം കേന്ദ്രങ്ങളും വേനൽച്ചൂടിൽ വാടിയിരിക്കുകയാണ്.

മധ്യകേരളത്തിലെ പ്രധാന ആകർഷണമായ കുമരകത്തേക്ക് സഞ്ചാരികൾ കൂടുതലായും എത്തുന്നത് വേമ്പനാട് കായൽ കാഴ്‌ചകൾ ആസ്വദിക്കുന്നതിനും ബോട്ടിങ്ങിനുമാണ്.എന്നാൽ പകൽ സമയത്തെ അസഹനീയമായ ചൂട് കായൽ സവാരിയെയും ബാധിച്ചു.വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് പകൽ സമയത്ത് എത്തുന്നത് . കൊടുംചൂടിൽ നിന്ന് ആശ്വാസംതേടി മലമുകളിലെ മഞ്ഞും കാഴ്‌ചകളും തേടിയെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. ചൂട് കൂടിയതോടെ പച്ചവിരിച്ച മലമുകളെല്ലാം ഇല്ലാതെയായി. ഇവിടങ്ങളിലെല്ലാം തീപിടിത്ത ഭീഷണിയുമുണ്ട്കൂടാതെ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവ സ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക,നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക,അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക,പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.

കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും, പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക,ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം,വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം,പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ കഴിവതും 11 മുതൽ 3 വരെ ഒഴിവാക്കുക , ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക,ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക, കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്‌ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല,അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *