തിരുവനന്തപുരം: സ്കൂളിലെ പൊതുദർശനത്തിൽ സഹപാഠികളും അധ്യാപകരയും ഏഴ് വയസ്സുകാരി കൃഷ്ണേന്ദുവിന് വിട ചൊല്ലി.പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെയാണ് കൃഷ്ണേന്ദു പഠിച്ചിരുന്ന മടവൂർ എൽ പി സ്കൂളിൽ മൃതദേഹം എത്തിച്ചത്. ഇന്നലെ സ്കൂൾ വിട്ട് ഇവിടെ നിന്ന് മടങ്ങിയ കൃഷ്ണേന്ദുവിന്റെ ഇങ്ങനെയൊരു തിരിച്ചുവരവ് താങ്ങാനാകാതെ സഹപാഠികളും അധ്യാപകപരും വിങ്ങി.
സ്കൂളിലെ പൊതുദർശനത്തിന് ശേഷം, മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. കുഞ്ഞുമകളെ കുടുംബം യാത്രയാക്കി. മൂത്തസഹോദരൻ കൃഷ്ണനുണ്ണി, കൃഷ്ണേന്ദുവിന്റെ ചിതയ്ക്ക തീ കൊളുത്തി.കുഞ്ഞനുജത്തിയുടെ ചിതയ്ക്ക് ഏക സഹോദരൻ തീ കൊളുത്തി.നാടിന് താങ്ങാനാകുന്നതിനും അധികം നൊമ്പരമായി കുരുന്ന് കൃഷ്ണേന്ദു മടങ്ങി.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് വീടിന് മുന്നിൽ സ്കൂൾ ബസിറങ്ങിയ രണ്ടാം ക്ലാസുകാരി അപകടത്തിൽപ്പെട്ടത്.
റോഡിലേക്ക് വീണ കുഞ്ഞിന്മേൽ ബസ് കയറിയിറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായി. അച്ഛൻ മണികണ്ഠൻ കെഎസ്ആർടിസി ജീവനക്കാരനാണ്. അമ്മ ശരണ്യ സൂപ്പർ മാർക്കിലെ ജോലിക്കാരിയാണ്. കുടുംബ വീട്ടിലേക്കെ നടക്കവേ, റോഡിൽ കിടന്ന കേബിളിൽ തട്ടി ബസിന് മുന്നിലേക്ക് വിഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന മൊഴി. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡ്രൈവർ ബിജുകുമാർ പൊലീസ് കസ്റ്റഡിയിലാണ്