ഭരണഘടനാശില്പി ഡോ.ബി.ആർ അംബേദ്കറിനെതിരെ നിന്ദ്യമായ പരാമർശം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 30ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുവാനാണ് ഇടതുപാർട്ടികളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. അമിത് ഷായുടെ പരാമർശത്തിനെതിരെ രാജ്യത്തുടനീളം വ്യാപകമായ രോഷവും പ്രതിഷേധവും ഉയർന്നതായി സിപിഐ ആസ്ഥാനമായ അജോയ് ഭവനിൽ ചേർന്ന ഇടതുനേതാക്കളുടെ യോഗം ചൂണ്ടിക്കാട്ടുകയുണ്ടായി. പക്ഷെ, അമിത് ഷായോ പ്രധാനമന്ത്രി നരേന്ദ്രമോഡിയോ ഉത്തരവാദിത്തം ഏറ്റെടുക്കാനോ ക്ഷമാപണം നടത്താനോ ഇതുവരെ തയ്യാറായിട്ടില്ല.