പയ്യോളി: കോഴിക്കോട് ഭാഗത്തേക്കുള്ള സർവിസ് റോഡിൽ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്ബ് മുതൽ പഴയ എ.ഇ.ഒ ഓഫിസ് പരിസരം വരെ പൊടിയിലും കുഴിയിലും നിറഞ്ഞ് ദേശീയപാത യാത്രായോഗ്യമല്ലാതായിട്ട് മാസങ്ങൾ കഴിയുന്നു. പെട്രോൾ പമ്ബ് മുതൽ പയ്യോളി ഹൈസ്കൂളിന് സമീപംവരെ ഇരുന്നൂറ് മീറ്ററോളം ദൂരം സർവിസ് റോഡ് മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന പെരുമാൾ പുരത്ത് റോഡ് തകർന്നതിനാൽ കോഴിക്കോട് ഭാഗത്തേക്കുള്ള യാത്ര അത്യന്തം ദുഷ്കരമാവുന്നു. എന്നാൽ, സമീപത്തെ അടിപ്പാതയുടെ ഭാഗമായി മണ്ണിട്ട് ഉയർത്തേണ്ട സ്ഥലത്ത് കൂടിയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. ഇവിടെ വയലിന് സമാനമായി കിളച്ച് മറിച്ചിട്ട സ്ഥലത്ത് കൂടെയാണ് മാസങ്ങളായി യാത്രക്കാർ സഞ്ചരിക്കുന്നത്.
മഴപെയ്താൽ ഇതുവഴി സഞ്ചരിക്കുന്നത് ഏറെ ദുർഘടമാണ്.ടാറിങ് നടത്തി ശാശ്വതപരിഹാരം കാണേണ്ട വഗാഡ് കമ്ബനി ഇപ്പോൾ പൊടിശല്യം ഒഴിവാക്കുന്നതിനായി ലോറിയിലൂടെ വെള്ളം ഒഴിക്കുന്ന പ്രവൃത്തിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ, കടുത്ത വെയിലിൽ ഇതിന് അൽപനേരം മാത്രമേ ആയുസ്സുള്ളൂ, അതേസമയം മഴ മാറിയിട്ടും സർവിസ് റോഡ് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ കരാറുകാരായ വഗാഡ് കമ്ബനി തയാറാകാത്തത് നാട്ടുകാരിൽ പ്രതിഷേധമുയരുന്നുണ്ട്.