അന്യദേശവാസം, നിരന്തര യാത്രകൾ എന്നിവയ്ക്ക് സാധ്യത കൂടുതലുള്ള വർഷമാണ്. തൊഴിൽ സംബന്ധിച്ചല്ലാതെ മറ്റൊരുപാടുകാര്യങ്ങളിൽ ഏർപ്പെടാൻ സന്ദർഭമുണ്ടാവുന്നതാണ്. സുചിന്തിതമായി തീരുമാനങ്ങൾ കൈക്കൊള്ളാനും ഉജ്ജ്വല വിജയം നേടാനും കഴിയും. അതുപോലെ തിടുക്കത്തിൽ പ്രവർത്തിച്ച് പരാജയപ്പെടാനും വഴിയൊരുങ്ങും. ബന്ധുക്കളുടെ വ്യവഹാരത്തിൽ പങ്കുചേരുന്നത് ഗുണകരമാവില്ല. സ്വത്തുതർക്കം കോടതിയ്ക്കു പുറത്ത് തീർപ്പാക്കുകയാവും കരണീയം. ജന്മശ്ശനിക്കാലം തുടങ്ങുന്നതിൻ്റെ ക്ലേശഫലങ്ങളെ രാഹു ജന്മരാശിയിൽ നിന്നും മാറുന്നതുമൂലം ഒട്ടൊക്കെ പരിഹരിക്കാനാവും. മേയ് മാസത്തിൽ വ്യാഴം നാലാം ഭാവത്തിലേക്ക് മാറുകയാൽ ഗൃഹം മോടിപിടിപ്പിക്കാനും പുതുവാഹനം വാങ്ങാനും ജോലിയിൽ ഉയർച്ച വരാനും സാഹചര്യം അനുകൂലമായേക്കും. ഉപാസനാദികൾ തുടരാനാവും. മംഗളവാർത്തകൾ തേടിയെത്തുന്നതാണ്.