
ശബരിമല : പറകൊട്ടിപ്പാട്ട് മണ്ഡലകാലത്തു ശബരിമലയില്‍ കാണുന്ന ഒരു അനുഷ്ഠാനമാണ്. ഇതു നടത്തുന്നത് വേല സമുദായത്തില്‍ പെട്ടവരാണ്. കണ്ണേറ് ദോഷങ്ങൾ, നാവേറ് ദോഷങ്ങള്‍ എന്നിവ ഓതി മാറ്റുന്ന ഒരു സമ്പ്രദായമാണിത്. മഹാദേവനാണ് ആദ്യത്തെ വേലന്‍ എന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ വേല സമുദായത്തിന്റെ കുലദൈവമായിട്ടാണ് മഹാദേവനെ കാണുന്നത്.
ഒരിക്കല്‍ മണികണ്ഠനെ പന്തളത്തു രാജ്യത്തു നിന്നു അകറ്റാന്‍ നടത്തിയ ക്ഷുദ്രപ്രയോഗങ്ങള്‍ രാജകുമാരനെ ബാധിക്കുകയും പരമശിവന്‍ വേലന്റെ രൂപത്തില്‍ പ്രത്യക്ഷപെട്ടു അതു മാറ്റിക്കൊടുക്കുകയും ചെയ്തുവെന്നാണ് ഐതീഹ്യം. പറക്കുമുമ്പിലിരിക്കുന്ന ആള്‍ അയ്യപ്പനും പുറകിലിരുന്ന് പറകൊട്ടുന്ന ആള്‍ മഹാദേവനുമാണെന്നാണ് സങ്കല്പം.
ഇവിടെ പറകൊട്ടി ചൊല്ലുന്നത് അയ്യപ്പന്റെ കേശാദിപാദ മന്ത്രമാണ്. ഓം എന്ന ശബ്ദമാണ് പറ കൊട്ടുമ്പോൾ ഉയരുക. പാട്ട് അവസാനിക്കുമ്പോൾ ഭക്തന്റെ ശിരസില്‍ കൈവെച്ചു നെറ്റിയില്‍ ഭസ്മം വരച്ചനുഗ്രഹിക്കും. ഇതോടെകൂടി ഭക്തന്റെയും കുടുംബത്തിന്റെയും പാദം മുതല്‍ ശിരസു വരെയുളള എല്ലാ സര്‍വദോഷങ്ങളും മാറുമെന്നാണ് വിശ്വാസം.