ബംഗളുരു: താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ മലയാളിയായ ബിരുദ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. വയനാട് മേപ്പാടി തറയില്‍ ടി.എം.നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമിലാ(23)ണ് തൂങ്ങി മരിച്ചത്. ഷാമിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് രാജകുണ്ഡെയിലെ അപ്പാര്‍ട്ട്മെന്റിലാണ്. ഷാമിൽ മത്തിക്കര എം.എസ്. രാമയ്യ കോളേജിലെ മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായിരുന്നു. കൂടെയുണ്ടായിരുന്നവർ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങി പോയതിനാല്‍ ഷാമില്‍ ഒറ്റയ്ക്കായിരുന്നു മുറിയിലുണ്ടായിരുന്നത്.
ഞായറാഴ്ച ഇവര്‍ മടങ്ങി വന്നപ്പോഴാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കാണുന്നത്. മൃതദേഹം അംബേദ്ക്കര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ശേഷം ഓള്‍ ഇന്ത്യ കേരള മുസ്ലീം കള്‍ച്ചറല്‍ സെന്ററിന്റെ (എഐകെഎംസിസി) സഹായത്തോടുകൂടി നാട്ടിലേക്ക് കൊണ്ടുപോയി. രാജകുണ്ഡെ പോലീസ് ഷാമിലിന്റെ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്തു. മാതാവ് വഹീദ, സഹോദരങ്ങള്‍ അഫ്രിന്‍ മുഹമ്മദ്, തന്‍വീര്‍ അഹമ്മദ് എന്നിവരാണ്.