വെയ്ൽസിനെ വീഴ്ത്തി ഇംഗ്ലണ്ടും ഇറാനെ മുട്ടുകുത്തിച്ച് അമേരിക്കയും പ്രീ ക്വാർട്ടറിൽ

ദോഹ: വെയ്ൽസിനെ വീഴ്ത്തി ഇംഗ്ലണ്ടും ഇറാനെ മുട്ടുകുത്തിച്ച് അമേരിക്കയും പ്രീ ക്വാർട്ടറിൽ. പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ട് എ ഗ്രൂപ്പ് റണ്ണറപ്പുകളായ സെനഗലിനെ നേരിടും. എ ഗ്രൂപ്പ് ചാമ്പ്യൻമാരായ നെതർലൻഡ്‌സാണ് യുഎസ്എയുടെ പ്രീ ക്വാർട്ടർ എതിരാളികൾ.

വെയിൽസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്ന ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിലെത്തിയപ്പോൾ ഇറാന്റെ കനത്ത വെല്ലുവിളി മറികടന്ന് ഒരു ഗോൾ ജയവുമായാണ് യുഎസ്എ രണ്ടാം സ്ഥാനക്കാരായി ബി ഗ്രൂപ്പിൽ നിന്ന് പ്രീ ക്വാർട്ടറിലെത്തിയത്. ഏഴ് പോയന്റുള്ള ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ചാമ്പ്യൻമാർ. അഞ്ച് പോയന്റുമായി യുഎസ്എ രണ്ടാം സ്ഥാനത്തെത്തി. വെയ്ൽസിനെതിരെ ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ രണ്ട് മിനിറ്റിന്റെ ഇടവേളയിൽ രണ്ട് ഗോളടിച്ചാണ് ഇംഗ്ലണ്ട് ആധികാരിക ജയവുമായി പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. ഇഗ്ലണ്ടിനായി മാർക്കസ് റാഷ്‌ഫോർഡ് രണ്ട് ഗോൾ നേടിയപ്പോൾ ഫിൽ ഫോഡന്റെ വകയായിരുന്നു മൂന്നാം ഗോൾ. ഇറാനെതിരെ ആദ്യ പകുതിയിൽ ക്രിസ്റ്റ്യൻ പുലിസിച്ച് നേടിയ ഗോളിലാണ് യുഎസ്എ ജയിച്ചു കയറിയത്.

തുല്യശക്തികളുടെ പോരാട്ടം കണ്ട ആദ്യ പകുതിയിൽ പത്താം മിനിറ്റിൽ ഇംഗ്ലണ്ടിനാണ് ആദ്യ അവസരം ഒരുങ്ങിയത്. ഹാരി കെയ്‌നിന്റെ പാസിൽ മാർക്കസ് റാഷ്‌ഫോർഡിന് നൽകിയ തുറന്ന അവസരം പക്ഷെ വെയ്ൽസ് ഗോൾ കീപ്പർ വാർഡിന്റെ മുന്നോട്ടുള്ള കുതിപ്പിൽ വിഫലമായി. തുടക്കം മുതൽ പന്ത് ഇംഗ്ലണ്ടിന്റെ കാലിലായിരുന്നെങ്കിലും കളിയുടെ വേഗം കൂട്ടാൻ അവർക്കായില്ല. എന്നാൽ ആദ്യ പകുതിയിൽ കണ്ട ഇംഗ്ലണ്ടിനെയല്ല രണ്ടാം പകുതിയിൽ കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബോക്‌സിന് പുറത്ത് ഫിൽ ഫോഡനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽ നിന്ന് മാർക്കസ് റാഷ്‌ഫോർഡ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. 50-ാം മിനിറ്റിൽ ലീഡെടുത്ത ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളിന് ഒരുമിനിറ്റിന്റെ ഇടവേളയെ ഉണ്ടായിരുന്നുള്ളു. ആക്രമണം മറക്കാതിരുന്ന ഇംഗ്ലണ്ട് 68-ാം മിനിറ്റിൽ റാഷ്‌ഫോർഡിലൂടെ വീണ്ടും ലീഡുയർത്തുകയായിരുന്നു.
ഇറാനെതിരെ ആദ്യ പകുതിയിൽ ക്രിസ്റ്റ്യൻ പുലിസിച്ച് നേടിയ ഗോളിലാണ് യുഎസ്എ ജയിച്ചു കയറിയത്.

തുടക്കത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടി. മൂന്നാം മിനിറ്റിൽ യുഎസ് ബോക്‌സിന് പുറത്ത് ഇറാന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും അപകടമൊഴിവാക്കി യുഎസ് രക്ഷപ്പെട്ടു. രണ്ടാം പകുതിയിൽ സമനില ഗോൾ കണ്ടെത്താൻ ഇറാൻ ആക്രമണം കനപ്പിച്ചതോടെ മത്സരം ആവേശകരമായി. എന്നാൽ ഫിനിഷിംഗിലെ പിഴവ് ഇറാന് തിരിച്ചടിയായി മാറി. രണ്ടാം പകുതിയിൽ ലഭിച്ച സുവർണാവസരങ്ങൾ ഇറാൻ മുന്നേറ്റ നിര പാഴാക്കിയതോടെ വിജയവുമായി യുഎസ്എ പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *