ലോകകപ്പ്: ക്വാർട്ടറിൽ ബ്രസീൽ ക്രൊയേഷ്യയെയും അർജന്റീന നെതർലന്റിനെയും നേരിടും

ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിലെ ക്വാർട്ടർ ഫൈനൽ മൽസരങ്ങളിൽ ബ്രസീൽ ക്രൊയേഷ്യയെയും അർജന്റീന നെതർലന്റിനെയും നേരിടും. ലാറ്റിനമേരിക്കൻ ടീമുകൾ യൂറോപ്യൻ ടീമുകൾക്കെതിരെ വിജയം നേടുമോയെന്നാവും ലോകമെമ്പാടുള്ള കാൽപന്ത് ആരാധകരുടെ ആകാംക്ഷ.

രാത്രി എട്ടരക്ക് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ കാനറികൾ നേരിടുന്നത് നിലവിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ ആണ്. ദക്ഷിണ കൊറിയയെ തകർ്ത്ത് ലാറ്റിനമേരിക്കൻ കരുത്തിന്റെ മുഴുവൻ സൗന്ദര്യവും പുറത്തെടുത്താണ് ബ്രസ്ീൽ ക്വാർട്ടർ ഫൈനലിലേക്ക് എത്തിയത്. സൂപ്പർ താരം നെയ്മർക്കൊപ്പം കിരീടത്തിനായി തകർത്ത് കളിക്കുന്ന യുവനിരയാണ് ബ്രസീലിന്റെ കരുത്ത്. ഒപ്പം പരീശിലകൻ ടിറ്റെയുടെ തന്ത്രങ്ങളും കൂടി ചേരുന്നതോടെ ഏവരും ഭയക്കുന്ന ടീമായി കാനറികളുടെ കൂട്ടം മാറി. മുന്നേറ്റ നിരക്കൊപ്പം കരുത്തുറ്റ പ്രതിരോധവും കാനറികളുടെ കരുത്താണ്. ക്രൊയേഷ്യയുെട വെല്ലുവിളി മറികടക്കാൻ വിനീഷ്യസും റിച്ചാലിസണുമെല്ലാം അടങ്ങുന്ന ബ്രസീലിന് സാധിക്കുമെന്ന ഉറച്ച വിശ്വാസം സാംബാ നൃത്തച്ചുവടുകളുടെ ആരാധകർക്കുമുണ്ട്.

ഈ ലോകകപ്പിന്റെ ഏറ്റവും വലിയ പരസ്യവാചകം മെസിയുടെ അവസാന ലോകകപ്പാണിത് എന്നതായിരുന്നു. അതിനാൽ തന്നെ ഏറെ സമ്മർദ്ദം അനുഭവിക്കേണ്ട അർജന്റീന മരണമുഖത്ത് നിന്ന് വീറുറ്റ പ്രകടനത്തോടെ കരകയറി ക്വാർട്ടർ ഫൈനലിലെത്തുകയുണ്ടായി. മെക്സിക്കോയ്ക്കും ഓസ്ട്രേലിയയ്ക്കുമെതിരെ മെസി നേടിയ മാന്ത്രിക സ്പർശമുള്ള ഗോളുകൾ അദ്ദേഹം മികച്ച ഫോമിലാണെന്ന സൂചനയും നൽകി. ക്വാർട്ടർ ഫൈനലിൽ നെതർലന്റിനെ മറി കടക്കുകയാണെങ്കിൽ അർജന്റീനയും സെമിയിലേക്ക് മുന്നേറും. അങ്ങനെ സംഭവിച്ചാൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കൊതിച്ചിരുന്ന സ്വപ്ന ഫൈനൽ എന്നത് അർജന്റീനയും ബ്രസീലും ഏറ്റുമുട്ടുന്ന സ്വപ്ന സെമിഫൈനലായി മാറും. അത്തരമൊരു ക്ലാസിക് പോരാട്ടം കാണാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള കാൽപന്ത് പ്രേമികൾ.

Leave a Reply

Your email address will not be published. Required fields are marked *