ഖത്തർ ലോകകപ്പിൽ അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ

ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സൗദി അറേബ്യ അർജന്റീനയെ തോൽപ്പിച്ചത്. ആദ്യപകുതിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും മൂന്നു ഗോളുകൾ ഓഫ്‌സൈഡായി മാറിയതാണ് അർജന്റീനയ്ക്ക് തിരിച്ചടിയായത്.

മത്സരത്തിന്റെ പത്താം മിനുട്ടിൽ ലയണൽ മെസിയുടെ ഗോളിലൂടെ അർജന്റീനയാണ് മുന്നിലെത്തിയത്. ലിയാൻഡ്രോ പരഡെസിനെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയാണ് മെസ്സി ഗോളാക്കി മാറ്റിയത്. എന്നാൽ രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകൾ നേടി സൗദി തിരിച്ചുവരികയും മത്സരം സ്വന്തമാക്കുകയും ചെയ്തു. നാൽപത്തിയെട്ടാം മിനുട്ടിൽ ഫിറാസ് അൽ ബുറൈകാനിന്റെ പാസിൽ സലേഹ് അൽ ഷേഹ്രി നേടിയ ഗോളാണ് സൗദിയെ അർജന്റീനയ്ക്ക് ഒപ്പമെത്തിച്ചത്. അഞ്ചു മിനിറ്റിനകം സാലെെ അൽ ദസൗരി മനോഹരമായ ഒരു ഷോട്ടിലൂടെ സൗദിക്ക് ലീഡ് നേടിക്കൊടുത്തു.

ഇതോടെ മത്സരം തിരിച്ചു പിടിക്കാൻ അർജന്റീനിയൻ പരിശീലകൻ ലയണൽ സ്‌കലോണി എൻസോ ഫെർണാണ്ടസ്, ജൂലിയൻ അൽവാരസ്, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരെ കളത്തിലിറക്കി. അർജന്റീന തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സൗദി മികച്ച രീതിയിൽ പ്രതിരോധിച്ചു. എൺപതാം മിനിറ്റിൽ ബോക്‌സിനരികിൽ അർജന്റീനക്ക് ഫ്രീ കിക്ക് ലഭിച്ചെങ്കിലും മെസിയെടുത്ത കിക്ക് ബാറിനു മുകളിലൂടെ പുറത്ത് പോയത് ടീമിനെയും ആരോധകരെയും ഒരു പോലെ നിരാശയിലാഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *