കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള നോക്കൗട്ട് മത്സരം വീണ്ടും നടത്തില്ലെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി

കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള നോക്കൗട്ട് മത്സരം വീണ്ടും നടത്തില്ലെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി. മത്സരം ബഹിഷ്‌കരിച്ച കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ അച്ചടക്ക നടപടി ഉടന്‍ തീരുമാനിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിച്ചിരുന്നു. ഈ മത്സരം വീണ്ടും നടത്തണമെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം. വിവാദ തീരുമാനമെടുത്ത റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണമെന്നും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനു നല്‍കിയ പരാതിയില്‍ ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടു.

ലൂണയോട് പന്തിനരികെ നിന്ന് മാറിനില്‍ക്കാന്‍ റഫറി പറഞ്ഞതായി പരാതിയിലുണ്ട്. ക്വിക്ക് ഫ്രീ കിക്ക് അനുവദിക്കാതിരിക്കാനായിരുന്നു ഇത്. താരത്തോട് മാറിനില്‍ക്കാന്‍ റഫറി ആവശ്യപ്പെടുകയെന്നാല്‍ പ്രതിരോധ മതില്‍ തയ്യാറാക്കുക എന്നതാണ്. വിസിലിനു ശേഷമേ ഫ്രീ കിക്ക് എടുക്കാന്‍ അനുവാദം നല്‍കാമായിരുന്നുള്ളൂ. ഗോള്‍ അനുവദിക്കാനുള്ള റഫറിയുടെ തീരുമാനത്തില്‍ യുക്തിയില്ല.” നിശ്ചിത സമയവും കഴിഞ്ഞ് അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ സുനില്‍ ഛേത്രി എടുത്ത ഫ്രീ കിക്കില്‍ ബെംഗളൂരു ജയം കുറിക്കുകയായിരുന്നു.

97ആം മിനിട്ടില്‍ നേടിയ ഗോളില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് ടീം കളം വിട്ടെങ്കിലും ബെംഗളൂരു ടീം തുടര്‍ന്നു. അധികസമയം അവസാനിക്കും വരെ ബെംഗളൂരു താരങ്ങള്‍ കളത്തിലുണ്ടായിരുന്നു. സമയം അവസാനിച്ചപ്പോള്‍ റഫറി ഫൈനല്‍ വിസില്‍ മുഴക്കി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഒരു ടീമുകളും ഗോള്‍ രഹിത സമനില വഴങ്ങിയ മത്സരത്തിന്റെ അധികസമയത്താണ് വിവാദമുണ്ടായത്. 97ആം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്ക് പകരക്കാരനായെത്തിയ സുനില്‍ ഛേത്രി പെട്ടെന്ന് വലയിലാക്കിയത് കേരള ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചില്ല. തങ്ങള്‍ തയാറാവുന്നതിനു മുന്‍പാണ് ഛേത്രി കിക്കെടുത്തതെന്ന് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചു. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകുമാനോവിച് താരങ്ങളെ തിരികെവിളിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിനായി കഴിഞ്ഞ സീസണ്‍ കളിച്ച് ഈ സീസണില്‍ എഫ്‌സി ഗോവയിലെത്തിയ ആല്‍വരോ വാസ്‌കസ്, പൂനെ സിറ്റി, ഹൈദരാബാദ് എഫ്‌സി തുടങ്ങി വിവിധ ഐഎസ്എല്‍ ക്ലബുകളില്‍ കളിച്ച മാഴ്‌സലീഞ്ഞോ എന്നിവര്‍ റഫറിയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *