ഓസ്‌ട്രേലിയൻ പടയെ കടൽ കടത്തി മെസിപ്പട

ദോഹ: ഓസ്‌ട്രേലിയൻ പടയെ കടൽ കടത്തി മെസിപ്പട. എട്ട് വർഷത്തിനുശേഷം അർജന്റീന വീണ്ടും ലോകകപ്പിന്റെ ക്വാർട്ടറിൽ ഒന്നിനെതിരെ രണ്ട് ​ഗോളിനാണ് അർജന്റീനയുടെ വിജയം

ഫിഫ ലോകകപ്പിൽ ഓസ്ട്രേലിയൻ വൻമതിൽ പൊളിച്ച് എട്ടുവർഷത്തിനു ശേഷം അർജന്റീന ക്വാർട്ടറിൽ പ്രവേശിച്ചു. രണ്ടിനെതിരെ ഒരു ഗോളിനാണ് സ്‌കലോണിയും സംഘവും വിജയഗാഥ തുടരുന്നത്. ആദ്യപകുതിയിലെ ലിയോണൽ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റിൽ ജൂലിയൻ ആൽവാരസിലൂടെ അർജന്റീന ലീഡ് രണ്ടാക്കിയപ്പോൾ 77-ാം മിനുറ്റിൽ എൻസോ ഫെർണാണ്ടസ് ഓൺഗോൾ വഴങ്ങിയത് മാത്രമാണ് മത്സരത്തിലെ ഏക ട്വിസ്റ്റ്.

ഡിസംബർ ഒൻപതിന് നെതർലൻഡ്സാണ് അർജന്റീനയുടെ ക്വാർട്ടർ എതിരാളികൾ. കിക്കോഫായി നാലാം മിനുറ്റിൽ ഗോമസിന്റെ ക്രോസ് ബാക്കസിന്റെ കയ്യിൽ തട്ടിയപ്പോൾ അർജന്റീനൻ താരങ്ങൾ അപ്പീൽ ചെയ്‌തെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. 18-ാം മിനുറ്റിൽ ഓസീസ് മുന്നേറ്റം ഗോൾലൈനിനരികെ ഡി പോൾ തടുത്തു. അർജന്റീനൻ താരങ്ങളെ ബോക്സിലേക്ക് കയറാൻ അനുവദിക്കാതെ പൂട്ടുകയാണ് ഓസ്‌ട്രേലിയൻ ഡിഫൻസ് ചെയ്യുന്നത്. ഇതിനിടെയായിരുന്നു 35-ാം മിനുറ്റിൽ മെസിയുടെ സുന്ദരമായ ഫിനിഷിംഗ്. 50-ാം മിനുറ്റിൽ പപു ഗോമസിനെ വലിച്ച് അർജന്റീന ലിസാണ്ട്രോ മാർട്ടിനസിനെ ഇറക്കി. തൊട്ടുപിന്നാലെ മെസിയുടെ നിലംപറ്റെയുള്ള ഷോട്ട് റയാൻ അനായാസം പിടികൂടി. എന്നാൽ 57-ാം മിനുറ്റിൽ അർജന്റീന ലീഡ് രണ്ടാക്കി. റോൾസിന്റെ ബാക് പാസ് തട്ടിയകറ്റാൻ റയാൻ വൈകിയപ്പോൾ ഡി പോൾ നടത്തിയ ഇടപെടലാണ് ആൽവാരസിന്റെ കാലുകളിലേക്ക് പന്ത് എത്തിച്ചത്. 77-ാം മിനുറ്റിൽ ഗുഡ്വിന്റെ ലോംഗ് റേഞ്ചർ ഷോട്ട് എൻസോയുടെ ഡിഫ്‌ലക്ഷനിൽ വലയിലേക്ക് തുളഞ്ഞുകയറി. പിന്നാലെ ഇരു ടീമുകളും അടുത്ത ഗോളിനായി പൊരുതിയെങ്കിലും അർജന്റീന 2-1ന് മത്സരം തങ്ങളുടേതായി അവസാനിപ്പിച്ചു.

ഇഞ്ചുറിടൈമിന്റെ അവസാന സെക്കൻഡുകളിൽ വമ്പൻ സേവുമായി എമി മാർട്ടിനസ് താരമായി. അർജന്റീനൻ ആക്രമണവും ഓസീസ് പ്രതിരോധവും തമ്മിലാവും പ്രധാന പോരാട്ടം എന്ന് മത്സരത്തിന് മുമ്പേ ഉറപ്പായിരുന്നു. ഈ മത്സരത്തോടെ പ്രൊഫഷനൽ കരിയറിൽ ലിയോണൽ മെസി 1000 മത്സരങ്ങൾ പൂർത്തിയാക്കി എന്ന പ്രത്യേകതയുമുണ്ട്. അർജന്റീനയ്ക്കായി 169 മത്സരങ്ങൾ കളിച്ച മെസി ക്ലബ് തലത്തിൽ ബാഴ്സലോണയിൽ 778 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിരുന്നു. നിലവിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കൊപ്പം ലിയോയ്ക്ക് 53 മത്സരങ്ങളായി. കരിയറിലെ ആയിരാമത്തെ മത്സരത്തിൽ മെസി വല ചലിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *