ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റിയെ പിരിച്ച് വിട്ട് ബിസിസിഐ

മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ സെലക്ഷൻ കമ്മിറ്റിയെ പിരിച്ച് വിട്ട് ബിസിസിഐ. സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ ഉൾപ്പെടെയുളളവരെയാണ് ബിസിസിഐ പുറത്താക്കിയത്. ബിസിസിഐ പ്രസിഡന്റായി ഗാംഗുലിയ്ക്ക് പകരം റോജർ ബിന്നി വന്നതിന് പിന്നാലെയാണ് ബിസിസിഐയുടെ ഞെട്ടിക്കുന്ന തീരുമാനം.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പത്ത് വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയതാണ് ബിസിസിഐയെ കടുത്ത നടപടിയ്ക്ക് പ്രേരിപ്പിച്ചത്. ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ സെലക്ഷൻ പാനലിനെ മാറ്റും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2020 ഡിസംബറിലാണ് ചേതൻ ശർമ്മ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാനാവുന്നത്. ചേതൻ ശർമ്മയെ കൂടാതെ ദേബാശിഷ് മൊഹന്തി, സുനിൽ ജോഷി, ഹർവീന്ദർ സിംഗ് എന്നിവരടങ്ങിയ പാനലിനെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്.

സെലക്ഷൻ കമ്മിറ്റിയുടെ പല നടപടികളും മുമ്പ് വിവാദമായിരുന്നു. 2021 ടി20 ലോകകപ്പിൽ പരിചയ സമ്പന്നനായ ചഹലിനെ ഒഴിവാക്കി വരുൺ ചക്രവർത്തിയേയും രാഹുൽ ചഹറിനെയും തിരഞ്ഞെടുത്തത് ഏറെ വിമർശനത്തിന് വഴി വച്ചിരുന്നു. കൂടാതെ വിരാട് കോഹ്ലിയുടെ ടെസ്റ്റ് ക്യാപ്റ്റൻസി രോഹിത് ശർമ്മക്ക് കൈമാറിയത് അടക്കം നിരവധി വിവാദ തീരുമാനങ്ങൾ ചേതൻ ശർമ്മ നടത്തിയിരുന്നു. അഞ്ച് സ്ഥാനങ്ങളിലേക്ക് പുതിയ സെലക്ടർമാരെ തിരഞ്ഞെടുക്കാനുള്ള അപേക്ഷാ ഫോമും ബിസിസിഐ പുറത്തു വിട്ടിട്ടുണ്ട്. അഞ്ച് വർഷം മുൻപ് വിരമിച്ചതും ഏഴ് ടെസ്റ്റ് മത്സരം അല്ലെങ്കിൽ 30 ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത് അല്ലെങ്കിൽ, 10 ഏകദിനമോ 20 ഫസ്റ്റ് ക്ലാസ് മത്സരമോ കളിച്ച താരങ്ങളായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *