മികവില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്: ഡച്ച് കമ്പനിക്ക് ഹൈഡ്രജന്‍ കപ്പല്‍ നിര്‍മ്മിക്കുന്നു.

    ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഫെറി പുറത്തിറക്കിയതിനു പിന്നാലെ കൊച്ചി കപ്പല്‍ശാല മികവിന്റെ കുതിപ്പ് തുടരുന്നു. നെതര്‍ലാന്‍ഡ്സ് കേന്ദ്രമായ 'സാംസ്‌കിപ്' എന്ന പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിക്കു വേണ്ടിയുള്ള രണ്ട് ഹരിത ഹൈഡ്രജന്‍ ഇന്ധന കണ്ടെയ്നര്‍ കപ്പലുകളുടെ നിര്‍മാണം കൊച്ചി ഷിപ്യാര്‍ഡില്‍ ആരംഭിച്ചു.

ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഫെറി പുറത്തിറക്കിയതിനു പിന്നാലെ കൊച്ചി കപ്പല്‍ശാല മികവിന്റെ കുതിപ്പ് തുടരുന്നു. നെതര്‍ലാന്‍ഡ്‌സ് കേന്ദ്രമായ ‘സാംസ്‌കിപ്’ എന്ന പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനിക്കു വേണ്ടിയുള്ള രണ്ട് ഹരിത ഹൈഡ്രജന്‍ ഇന്ധന കണ്ടെയ്‌നര്‍ കപ്പലുകളുടെ നിര്‍മാണം കൊച്ചി ഷിപ്യാര്‍ഡില്‍ ആരംഭിച്ചു. നിര്‍മാണണത്തിന് തുടക്കമിടുന്ന ‘സ്റ്റീല്‍ കട്ടിങ്’ എന്ന ചടങ്ങ് ഇന്ന് വൈകിട്ട് കൊച്ചി കപ്പല്‍ശാലയില്‍ നടന്നു.’സീ ഷട്ടില്‍’ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി വായുമലിനീകരണമുണ്ടാക്കാതെ, ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ കണ്ടെയ്‌നര്‍ കപ്പല്‍ നിര്‍മാണങ്ങളിലൊന്നു കൂടിയാണ്. 550 കോടി രൂപയാണ് രണ്ടു കപ്പലുകളുടേയും കൂടി നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. 2025 അവസാനത്തോടെ ആദ്യ കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 138 മീറ്റര്‍ നീളവും 23 മീറ്റര്‍ വീതിയും 8000 ഡിഡബ്ല്യുടി ഭാരവുമുള്ള ഇടത്തരം കപ്പലാണിത്.

40 അടി നീളമുള്ള 365 കണ്ടെയ്‌നറുകള്‍ ഇതില്‍ വഹിക്കാന്‍ സാധിക്കും. വര്‍ഷം 25,000 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ബഹിര്‍ഗമനം കുറയ്ക്കാന്‍ ഈ ഹൈഡ്രജന്‍ ഇന്ധന കപ്പലിന് സാധിക്കുമെന്നാണ് കരുതുന്നത്.
കപ്പല്‍ കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുകയും ഹൈഡ്രജന്‍ ഇന്ധന സാങ്കേതിക വിദ്യ കമ്പനി പിന്നീട് ഇതില്‍ കൂട്ടിച്ചേര്‍ക്കുകയുമാണ് നിലവിലുള്ള പദ്ധതി. അതേസമയം, ഹൈഡ്രജന്‍ ഇന്ധന സാങ്കേതിക വിദ്യ കൂടി ഇതില്‍ ഘടിപ്പിക്കണമെങ്കില്‍ അതും ചെയ്തുകൊടുക്കുമെന്ന് കപ്പല്‍ശാല വൃത്തങ്ങള്‍ പറഞ്ഞു. ഹൈഡ്രജന്‍ ഇന്ധനം ഇന്ത്യയില്‍ വാണിജ്യപരമായി ലാഭകരമല്ല. അതേസമയം, 5 മുതല്‍ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹൈഡ്രജന്‍ ബദല്‍ ഊര്‍ജമായി മാറുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി കപ്പല്‍ശാല സിഎംഡി മധു എസ്.നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സാംസ്‌കിപ് നോര്‍വെ സര്‍ക്കാരിന്റെ ഹരിത പ്രചരണ ഫണ്ടിങ്ങിന്റെ ഭാഗമായി കൊച്ചി കപ്പല്‍ശാലയ്ക്ക് രണ്ട് കപ്പലുകള്‍ നിര്‍മിക്കാന്‍ ഓര്‍ഡര്‍ നല്‍കിയത്. ഈ മേഖലയില്‍ ലോകത്തിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന നിര്‍മാണ കേന്ദ്രങ്ങളിലൊന്നാണിത്. ഇവിടെ നിര്‍മിച്ച ഹൈഡ്രജന്‍ ഇന്ധനമായ ആദ്യ യാത്രാ ഫെറി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ വരാണസിയിലാണ് ഇത് ആദ്യം സര്‍വീസ് നടത്തുക. അവസാനവട്ട പരീക്ഷണ ഓട്ടങ്ങള്‍ക്കു ശേഷം അടുത്തമാസം വരാണസിയിലേക്ക് കൊണ്ടുപോകും.2022 ലാണ് ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശീയ ഇലക്ട്രിക് കപ്പല്‍ കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കാന്‍ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയം തീരുമാനിച്ചത്. ഗ്രീന്‍ ഷിപ്പിങ്ങിലേക്കുള്ള രാജ്യത്തിന്റെ പരിശ്രമങ്ങള്‍ക്ക് തുടക്ക കുറിച്ചു കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്

ഗ്ലോബല്‍ മാരിടൈം ഗ്രീന്‍ ട്രാന്‍സിഷനുകള്‍ക്ക് അനുസൃതമായാണ് കപ്പലുകള്‍ രൂപകല്‍പന ചെയ്തത്. ഗ്രീന്‍ എനര്‍ജിയിലേക്കും ചെലവ് കുറഞ്ഞ ബദല്‍ ഇന്ധനങ്ങളിലേക്കും ചുവടുമാറ്റാനുള്ള രാജ്യത്തിന്റെ നൂതന ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്. കൊച്ചി കപ്പല്‍ശാല കെ.പി.ഐ.ടി ടെക്നോളജീസ് ലിമിറ്റഡ്, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ മേഖലകളിലെ ഇന്ത്യയിലെ ഡെവലപ്പര്‍മാര്‍, ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിങ്ങ് എന്നിവരുമായി സഹകരിച്ചാണ് അത്തരം കപ്പലുകള്‍ക്കുള്ള നിയമങ്ങളും വ്യവസ്ഥകളും വികസിപ്പിച്ചത്. ലോ ടെമ്പറേച്ചര്‍ പ്രോട്ടോണ്‍ എക്സ്ചേഞ്ച് മെംബ്രയിന്‍ ടെക്നോളജി (എല്‍.ടി.പി.ഇ.എം) അടിസ്ഥാനമാക്കിയുള്ള ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വെസലുകള്‍ അറിയപ്പെടുന്നത് ഇലക്ട്രിക് വെസല്‍ എന്ന പേരിലാണ്. 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന വെസലിന് ഏകദേശം 17.50 കോടി രൂപയാണ് ചെലവ്.

ഗതാഗതത്തിനും സാധനസാമഗ്രികള്‍ കൈകാര്യം ചെയ്യാനും വിവിധതരം എമര്‍ജന്‍സി ബാക്ക്അപ് പവര്‍ ആപ്ലിക്കേഷനുകളിലുമടക്കം ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിക്കാം. ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്യുവല്‍ സെല്ലുകള്‍, ഹെവി ഡ്യൂട്ടി ബസ്, ട്രക്ക്, ട്രെയിന്‍ ആപ്ലിക്കേഷനുകളില്‍ ഇതിനകം പ്രയോഗിച്ച കാര്യക്ഷമമായ സീറോ എമിഷനുള്ള പരിസ്ഥിതി സൗഹൃദപരമായ ഊര്‍ജസ്രോതസ്സാണ്. ഇപ്പോഴാണ് അവ മറൈന്‍ ആപ്ലിക്കേഷനുകള്‍ക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.2030 ഓടെ അന്താരാഷ്ട്ര ഷിപ്പിങ്ങിന്റെ കാര്‍ബണ്‍ തീവ്രത 40 ശതമാനവും 2050 ഓടെ 70 ശതമാനവുമായി കുറക്കാന്‍ ഇന്റര്‍നാഷനല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കും കപ്പലുകളുടെ നിര്‍മ്മാണം.

Leave a Reply

Your email address will not be published. Required fields are marked *