ചെന്നൈ നഗരത്തില്‍ കനത്ത മഴയും ചുഴലിക്കാറ്റും

ചെന്നൈ നഗരത്തില്‍ കനത്ത മഴയും ചുഴലിക്കാറ്റും.ആന്‍ഡമാനിനു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം പിന്നീട് മിഷോങ് ചുഴലിക്കാറ്റുമായി മാറുമെന്ന് മേഖലാ കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ പറഞ്ഞു.മിഷോങ് ചുഴലിക്കാറ്റിന്റെ ദിശ ഏതായാലും മഴ നഗരത്തിനു തന്നെയെന്നു കാലാവസ്ഥാ പ്രവചനം.വിവിധ ഇടങ്ങളില്‍ വെളളം കയറി വന്‍ഗതാഗതക്കുരുക്ക്.പുഴല്‍ റിസര്‍വോയര്‍,ചെമ്പരമ്പാക്കം അണക്കെട്ട് എന്നിവ തുറന്നുവിട്ടു.നഗരത്തില്‍ ജാഗ്രതാനിര്‍ദേശം.20 ജില്ലകളില്‍ ശക്തമായ മഴമുന്നറിയിപ്പ് നല്‍കി കാലാവസ്ഥാവകുപ്പ്.

ചൊവ്വാഴ്ച രൂപപ്പെട്ട ന്യൂനമര്‍ദ മേഖല പടിഞ്ഞാറ് ദിശയിലേക്കു നീങ്ങി തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ എത്തിയിട്ടുണ്ട്. ഇത് പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയിലേക്കു നീങ്ങി ഇന്ന് തീവ്ര ന്യൂനമര്‍ദമായി മാറും. കൂടുതല്‍ ശക്തി പ്രാപിക്കുന്നതോടെ ചുഴലിയായി രൂപം മാറും.ശേഷമുള്ള ദിശ കൃത്യമായി പ്രവചിക്കാന്‍ നിലവില്‍ സാധിക്കില്ലെങ്കിലും ആന്ധ്രപ്രദേശിന്റെ തെക്കന്‍ തീരത്തേക്കു നീങ്ങാനുള്ള സാധ്യതയാണ് കാലാവസ്ഥാ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

ചുഴലിയുടെ പ്രഭാവം മൂലം ചെന്നൈയിലും സമീപ ജില്ലകളിലും ഡിസംബര്‍ 2 മുതല്‍ അതിശക്ത മഴ പെയ്യുമെന്നു കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ പറഞ്ഞു. ചെന്നൈയ്ക്കു പുറമേ തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട്, വിഴുപ്പുറം ജില്ലകളിലാണ് അതിശക്ത മഴയ്ക്കു സാധ്യത. 5 ദിവസത്തേക്ക് തമിഴ്‌നാട്ടിലും പുതുച്ചേരി, കാരയ്ക്കല്‍ പ്രദേശങ്ങളിലും വ്യാപകമായി മിന്നലോടു കൂടിയ കനത്ത മഴ പെയ്യും.

Leave a Reply

Your email address will not be published. Required fields are marked *