Banner Ads

സുഹൃത്തിന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്തു ; പിന്നാലെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

കൊല്ലം: സുഹൃത്തിന്റെ പിതാവിന് അത്യാസന്ന നിലയിൽ രക്തം ആവശ്യമായി വന്നപ്പോൾ, സ്വന്തം ജീവൻ പണയം വെച്ച് രക്തം ദാനം ചെയ്ത യുവാവ്,പുനലൂർ മണിയാർ പരവട്ടം മഹേഷ് ഭവനിൽ പരേതനായ മനോഹരൻ-ശ്യാമള ദമ്പതികളുടെ മകനായ മഹേഷ് (36 ) ആണ് മരിച്ചത്.നിർമാണ തൊഴിലാളിയാണ്.പുനലൂർ താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ആശുപത്രിയിൽ പാലിയേറ്റീവ് കെയർ യൂണിറ്റിൽ ചികിത്സയിലുള്ള സുഹൃത്തിന്റെ പിതാവിന് രക്തം നൽകാനായിരുന്നു മഹേഷ് ആശുപത്രിയിൽ എത്തിയത്. തുടർന്നാണ് മരണം സംഭവിച്ചത്.രക്തം ശേഖരിക്കുന്നതിന് മുൻപ് പതിവ് നടപടികളുടെ ഭാഗമായി യുവാവിന്റെ രക്തസമ്മർദം, പൾസ് അടക്കം ആശുപത്രി ആധികൃതർ പരിശോധിച്ചു. അസാധാരണമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് രക്തം ശേഖരിച്ചു. പിന്നാലെ പുറത്തേയ്ക്കിറങ്ങി ശീതളപാനീയം കുടിച്ചു.

തൊട്ടടുത്ത നിമിഷം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഡോക്ടറെ കാണിച്ചു.ഗ്യാസ് ട്രബിൾ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇസിജി എടുത്തപ്പോൾ നേരിയ വ്യത്യാസം ശ്രദ്ധയിൽപ്പെടുകയും മഹേഷിനെ ഉടൻ ഐസിയുവിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങളും ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം മഹേഷിന് മരണം സംഭവിക്കുകയായിരുന്നു.