
കോഴിക്കോട്: കോഴിക്കോട് മുടൂർ വളവിൽ വെച്ച് സ്കൂട്ടറിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കൂടത്തായി സ്വദേശിയായ അബ്ദുൽ ജബ്ബാർ (45) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അബ്ദുൽ ജബ്ബാറിൻ്റെ മുന്നിലേക്ക് പെട്ടെന്ന് കാട്ടുപന്നി ഓടിക്കയറി. കാട്ടുപന്നിയുടെ ഇടിയെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് ജബ്ബാറിന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ കാട്ടുപന്നിയും ചത്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപന്നിയുടെ ജഡം നീക്കം ചെയ്തു.