
ഭുവനേശ്വർ:ഭക്ഷണം എത്തിക്കാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഡെലിവറി ബോയ് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഭുവനേശ്വറിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ബിനോദിനി രഥ് എന്ന യുവതിയെയാണ് ഡെലിവറി ബോയ് തപൻ ദാസ് എന്ന മിട്ടു ആക്രമിച്ചത്.
മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തേറ്റ യുവതി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഓഡർ ചെയ്ത ഭക്ഷണം വൈകിയെത്തിയതിനെക്കുറിച്ച് യുവതി ചോദിച്ചപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നുവെന്നാണ് വിവരം.
തുടർന്ന് പ്രകോപിതനായ ഡെലിവറി ബോയ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് യുവതിയെ തലയിലും കഴുത്തിലും കൈകളിലും കാലുകളിലും ആക്രമിക്കുകയായിരുന്നു. യുവതിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതി മദ്യലഹരിയിലായിരുന്നെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു യുവതി.