Banner Ads

കാട്ടാന ആക്രമണം; ജനവാസമേഖലയിൽ ഭീതി പരത്തിയ ആനയെ തുരത്തുന്നതിനിടെ വയോധികന് പരിക്ക്.

വയനാട്: ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ വയോധികന് ഗുരുതര പരിക്ക്. കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നൻ (65) ആണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

പുലർച്ചെ വീട്ടുമുറ്റത്ത് ശബ്ദം കേട്ട് ലൈറ്റടിച്ച് നോക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ചിന്നന്റെ ആറു വാരിയെല്ലുകൾക്കും തോളെല്ലിനും ഒടിവുണ്ട്. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവായതോടെ വനംവകുപ്പിന്റെ ഭാഗത്തുനിന്നും കൂടുതൽ സുരക്ഷാ നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.