കൊട്ടിയം:മാലിന്യം കൂടിക്കിടക്കുന്നതിനാൽ ഇതുവഴി നടന്നുപോകാൻ പോലും പറ്റാത്ത സ്ഥിതിയാണ്. മാലിന്യം ഭക്ഷിക്കാൻ എത്തുന്ന തെരുവുനായ്ക്കളും പരുന്തുകളും വഴിയാത്രക്കാർക്ക് ഭീഷണിയായി. ദേശീയപാതയുടെ പുനർനിർമാണത്തിന് കരാർ എടുത്തിട്ടുള്ള കമ്ബനി മേവറം ഭാഗത്ത് ദുർഗന്ധം ഉണ്ടായപ്പോൾ മാലിന്യം കുഴിച്ചുമൂടിയെങ്കിലും പാലത്തറ ഭാഗത്തേത് നീക്കാൻ തയാറായിട്ടില്ല.
മാലിന്യത്തിൽ നിന്നുയരുന്ന ദുർഗന്ധം യാത്രക്കാരെയും വാഹനയാത്രക്കാരെയും വലക്കുകയാണ്. പാലത്തറക്കും മെഡിസിറ്റിക്കും ഇടയിലായാണ് റോഡിൽ കവറുകളിൽ മാലിന്യം കൊണ്ടുവന്നുതള്ളുന്നത്. അറവുശാലയിൽ നിന്നുള്ള മാലിന്യം ഉൾപ്പെടെ റോഡിൽ തള്ളുകയാണ്.മെഡിസിറ്റിക്ക് സമീപം സർവിസ് റോഡ് നിർമാണത്തിന് എടുത്ത കുഴിയിൽ മലിനജലം നിറഞ്ഞുകിടക്കുകയാണ്. ഇവിടെ സർവീസ് റോഡിൻ്റെ നിർമാണവും നിലച്ചു. കെട്ടിക്കിടക്കുന്ന മലിനജലവും റോഡിന്റ വശങ്ങളിലെ മാലിന്യവും നീക്കാൻ അധികൃതർ തയാറാവണമെന്ന ആവശ്യമാണ് ഉയരുന്നത്.