
തൊടുപുഴ: മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം കടന്നലുകളുടെ കൂട്ടാക്രമണത്തിൽ സ്കൂൾ വിദ്യാർഥിക്കും രക്ഷിക്കാനെത്തിയ മുത്തച്ഛനും ഗുരുതരമായി പരിക്കേറ്റു. മണക്കാട് രാജേഷ് ഭവനിൽ ശ്രീരാജ് (15), മുത്തച്ഛൻ രാജു (72) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 8.40 ഓടെയായിരുന്നു സംഭവം.
സ്കൂളിലേക്ക് പോവുകയായിരുന്ന ശ്രീരാജിനെ കടന്നലുകൾ ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് മുത്തച്ഛനായ രാജുവിനെയും കടന്നലുകൾ കുത്തിയത്. കൈയിലുണ്ടായിരുന്ന റെയിൻകോട്ട് ഉപയോഗിച്ച് ശരീരം മൂടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ശ്രീരാജിൻ്റെ ദേഹമാസകലം കടന്നലുകൾ കുത്തിയിരുന്നു.
കടന്നലിൻ്റെ കുത്തേറ്റ് അവശനിലയിലായ ഇരുവരെയും തൊടുപുഴയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഇരുവരും ചികിത്സയിലാണ്.