
കുറ്റിപ്പുറo :യാത്രാ സമയത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ തർക്കവും അക്രമവും നിയന്ത്രണംവിട്ട ബസ് എതിർഭാഗത്ത് നിർത്തിയിട്ട ബസ്സിൽ ഇടിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30-ന് കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിൽ വെച്ചാണ് കുറ്റിപ്പുറം-തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന യാത്രാ ബസ്സിലെ കണ്ടക്ടർ അർഷാദ് ആണ് നെസൽ ബസ്സിലെ ഡ്രൈവർ ആബിദിനെ ആക്രമിച്ചത്.
യാത്രാസമയത്തെ ചൊല്ലി ബസ്സിന്റെ സമീപത്ത് വെച്ച് ഇരു ബസ്സിലേയും ജീവനക്കാർ വാക്കേറ്റം നടക്കുന്നതിനിടേയാണ് ആബിദ് ബസ് എടുക്കാൻ ശ്രമിച്ചത്. ബസ്സിനകത്ത് കയറിയ അർഷാദ് ആബിദിനെ അക്രമിച്ചതിനിടയിൽ ബസ് നിയന്ത്രണംവിടുകയും എതിർഭാഗത്ത് നിർത്തിയിട്ട കുറ്റിപ്പുറം-തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഐറിൻ ബസ്സിന്റെ മുൻവശത്ത് ഇടിക്കുകയുമായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഐറിൻ ബസ്സിന്റെ മുൻവശത്തെ ഗ്ളാസ് ഭാഗം ഉൾപ്പടെ തകർന്നു.
അപകടസമയത്ത് രണ്ട് ബസ്സിലും യാത്രക്കാരില്ലാതിരുന്നതിനാലും ബസ്‌സ്റ്റാൻഡിൽ ഇരു ബസ്സുകളുടേയും മുൻവശത്ത് യാത്രക്കാർ ഇല്ലാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി. ആബിദിന്റെ പരാതിയിൽ അർഷാദിനെതിരേയും ഐറിൻ ബസ്സുടമയുടെ പരാതിയിലും കുറ്റിപ്പുറം പോലീസ് കേസെടുത്തു