
കൊച്ചി : റെയിൽവേയുടെ അഭിമാന പദ്ധതിയായ സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ നിർമാണം അവസാന ഘട്ടത്തിൽ. ചെന്നൈയിലെയും റായ്ബറേലിയിലെയും കോച്ച് ഫാക്ടറികളിലാണ് നിർമിക്കുന്നത്. പുതിയ കോച്ചുകളുടെ ചിത്രങ്ങളും വിവരങ്ങളും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സിൽ പങ്കുവെച്ചു.
കോച്ചുകളുടെ പരീക്ഷണ ഓട്ടവും സാധ്യതാ പരിശോധനയും പൂർത്തിയായി. ദീപാവലിയോട് അനുബന്ധിച്ച് ഡൽഹി-പട്ന റൂട്ടിൽ രാജ്യത്തെ ആദ്യ സ്ലീപ്പർ വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും റെയിൽവേ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
നിർമാണം പുരോഗമിക്കുന്നവ ഉൾപ്പെടെ നിലവിൽ രാജ്യത്ത് 136 ചെയർകാർ വന്ദേഭാരത് ട്രെയിനുകളുണ്ട്. ആഡംബരം, സൗകര്യം, സുരക്ഷ, ആധുനികത എന്നിവയ്ക്ക് പ്രാധാന്യംനൽകിയാണ് പുതിയ സ്ലീപ്പർ കോച്ചുകൾ നിർമിച്ചിട്ടുള്ളത്. ഇത്തരം ട്രെയിനിൽ സ്ലീപ്പർ കോച്ചുകൾ മാത്രമേയുള്ളൂ.
പകൽസമയ യാത്രയ്ക്ക് മാത്രമായി ചെയർകാർ വന്ദേഭാരതിനെ പരിമിതിപ്പെടുത്താനും ആലോചനയുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സ്ലീപ്പർ വന്ദേഭാരതിൻ്റെ പരീക്ഷണ ഓട്ടം ആദ്യമായി നടന്നത്. അടുത്ത വർഷം കേരളത്തിൽ മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ സ്ലീപ്പർ വന്ദേഭാരത് അനുവദിക്കാൻ സാധ്യതയുണ്ട്.
ബെംഗളൂരു-കോഴിക്കോട്, ചെന്നൈ-കോഴിക്കോട്, മംഗളൂരു-തിരുവനന്തപുരം റൂട്ടുകളിലായി മൂന്ന് സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകിയിരുന്നു.
അദ്ദേഹവുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ അനുവദിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ ഇതിന് റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കേണ്ടതുണ്ടെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.