
ഇടുക്കി : ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത് (20) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അപകടം നടന്നത്. കരുണാപുരം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അപ്പാപ്പികട രണ്ടാം ബൂത്തിൽ വോട്ട് ചെയ്ത ശേഷം മടങ്ങുമ്പോഴാണ് ശ്രീജിത്ത് ചെക്ക് ഡാമിൽ കുളിക്കാനായി ഇറങ്ങിയത്. ഉടൻതന്നെ പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ശ്രീജിത്തിന് ഒരു ഇരട്ട സഹോദരൻ കൂടിയുണ്ട്.